ന്യൂഡൽഹി: ഈ വർഷം സിവിൽ സർവീസ് റാങ്ക് പട്ടികയിൽ മുന്പൻമാരായവർ തമ്മിൽ രസകരമായ സാമ്യമുണ്ടെന്നു കണ്ടെത്തൽ. ഇവർ എല്ലാവരും തന്നെ സമൂഹ മാധ്യമങ്ങൾ ഒഴിവാക്കിയാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ഒരുങ്ങിയത്. മിക്കവരും തങ്ങൾക്കുണ്ടായിരുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്തു. അതുകൊണ്ടുതന്നെ ഇവരെ എളുപ്പത്തിൽ ഓണ്‍ലൈനിൽ കണ്ടെത്താനും കഴിയില്ല.
ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വെറും സമയനഷ്ടമാണെന്നു കണ്ട് താൻ ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്നെന്ന് ഓൾ ഇന്ത്യ ടോപ്പർ കനിഷക് കഠാരിയ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നെങ്കിലും വിരളമായേ അത് നോക്കിയിരുന്നുള്ളുവെന്നും അടുപ്പക്കാരായ കുറച്ചുപേരുമായി മാത്രമേ പരീക്ഷയ്ക്ക് ഒരുങ്ങിയിരുന്ന കാലത്ത് ബന്ധപ്പെട്ടിരുന്നുള്ളുവെന്നും കഠാരിയ പറഞ്ഞു.
നാലം റാങ്ക് നേടിയ രാജസ്ഥാനിൽനിന്നു തന്നെയുള്ള ശ്രേയൻസ് കുമതിനും സമാന അഭിപ്രായമാണ്. അഞ്ചാം റാങ്കുകാരി സൃഷ്ടി ദേശ്മുഖ്, 13-ാം റാങ്ക് നേടിയ വർനീത് നെഗി എന്നിവരും സമൂഹമാധ്യമങ്ങളെ സിവിൽ സർവീസിന് ഒരുങ്ങുന്ന കാലത്തു മാറ്റിനിർത്തി. 17-ാം റാങ്ക് നേടിയ കർണാടകക്കാരൻ രാഹുൽ ശരണപ്പ സ്മാർട്ഫോണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. പരീക്ഷാഫലം പുറത്തുവന്നശേഷമാണ് താൻ ഒരു സ്മാർട്ഫോണ്‍ ഉപയോഗിക്കാൻ കൂടി തുടങ്ങിയതെന്ന് ശരണപ്പ പറയുന്നു.
അതേസമയം, 10-ാം റാങ്ക് നേടിയ തൻമയ് വസിഷ്ഠ ശർമ ഫേസ്ബുക്കും യൂട്യൂബും ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് പത്രങ്ങൾ വായിക്കുന്നതിനും രാജ്യസഭാ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായിരുന്നു എന്നു മാത്രം.
ആദ്യ 50 റാങ്കിൽ ഉൾപ്പെട്ടവരിൽ 27 പേരും എൻജിനീയർമാരാണ് എന്നതാണ് ഇത്തവണത്തെ റാങ്ക് ലിസ്റ്റിന്റെ സവിശേഷത. ഇവരിൽ അഞ്ചുപേർ ഐഐടികളിൽനിന്നു പഠിച്ചിറങ്ങിയവരാണ്. അതേസമയം, എംബിഎക്കാരുടെ അഭാവം ഇത്തവണത്തെ റാങ്ക് പട്ടികയിൽ മുഴച്ചുനിൽക്കുന്നുണ്ട്.