സോഷ്യല്‍മീഡിയയില്‍ പെറ്റു കിടക്കുന്ന സമൂഹമായി കേരളീയര്‍ മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ പലതും തെളിയിക്കുന്നത്. ജീവിക്കാന്‍ മീന്‍വിറ്റ ഹനാനു നേരെ നടന്ന ആക്രമണങ്ങളും സോഷ്യല്‍മീഡിയയിലെ കലാപവുമെല്ലാം ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത പാലക്കാടു നിന്നാണ്. ഇതുവരെ കാണാത്ത ഫേസ്ബുക്ക് കാമുകിയെ കാണാന്‍ പതിനേഴുകാരന്‍ നടത്തിയ സാഹസികതയും ഒടുവില്‍ നൈസായി പണികിട്ടിയതും വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് കഥാനായകന്‍. പതിനേഴു വയസുമാത്രം പ്രായം. കാമുകി പാലക്കാട് വടക്കഞ്ചേരിക്കാരിയും. ഒരുരാത്രി യുവതി കാണണമെന്ന് പറഞ്ഞതോടെ കാമുകന്‍ തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറി. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴം രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു.
കുട്ടിക്കാമുകന് യുവതിയുടെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. മെസഞ്ചര്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള പലരുമുള്ളതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍. അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി തടിതപ്പിയത്. എന്തായാലും കാമുകനെ വീട്ടുകാര്‍ വന്നു ഏറ്റെടുത്തു കൊണ്ടുപോയി.