പാലക്കാട്: സാമൂഹിക മാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുകയും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു പറഞ്ഞു. മത സൗഹാർദ്ദം വളർത്തുന്നതിനും വർഗീയത ഇല്ലാതാക്കുന്നതിനുമായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം പറഞ്ഞത്.
സാമൂഹിക മാധ്യമങ്ങൾ വഴി അനാവശ്യ പ്രചാരണം നടത്തുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് യുവാക്കൾക്ക് ബോധവത്കരണം നൽകും. ജില്ലാ പൊലീസ് മേധാവി ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇതര മതസ്ഥരെ പ്രകോപിപ്പിക്കുന്നതും മതസൗഹാർദ്ദം തകർക്കുന്നതുമായ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ചുളള പ്രചാരണ ബോർഡുകൾ പ്രദർശിപ്പിക്കരുതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, സബ് കലക്ടർ ജെറോമിക് ജോർജ്ജ്, ആർ.ഡി.ഒ പി.കാവേരിക്കുട്ടി, റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ മത-സാമുദായിക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.