ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. അരുതാത്തത് എന്ന് കരുതിയിരുന്നത് പലതും അന്ധവിശ്വാസത്തിന്റെയും തെറ്റിദ്ധാരണകളുടെയും ഭാഗമായി മാത്രമുള്ളതാണെന്ന് സ്ത്രീകള്‍ മനസിലാക്കി, അതില്‍ നിന്ന് മാറികൊണ്ടിരിക്കുകയാണ്. തട്ടമിടാതെ നടക്കുന്നതും പൊതുവഴിയില്‍ ഡാന്‍സ് കളിക്കുന്നതും ജീന്‍സ് ധരിക്കുന്നതുമെല്ലാം പാപമാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുന്നേറാനുള്ള ശ്രമത്തിലാണ് സ്ത്രീകള്‍. അത്തരത്തിലൊരു മുന്നേറ്റത്തിന്റെ ഉദാഹരണമാവുകയാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഒരമ്മയും അച്ഛനും.
സ്വന്തം ഭാര്യ മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക. എങ്ങിനെയായിരിക്കും സദാചാര മലയാളി ഇതിനോട് പ്രതികരിക്കുക? കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മാതൃകയായിരിക്കുന്നത്. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനാണ് ദമ്പതികള്‍ ഈ ധീരമായ ശ്രമം നടത്തിയത്.
‘എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ബിജു പോസ്റ്റ് ചെയ്തിരിക്കുന്നത്. മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍ ഭംഗിയായി അദ്ദേഹം ഈ പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഇതൊരു മഹത്തായ ഉദ്യമമാണെന്നും ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചത്. എന്നാല്‍ പോസ്റ്റ് കണ്ട സദാചാരവാദികള്‍ തെറിവിളികളും പരിഹാസവുമായി എത്തിയപ്പോഴും ഈ ദമ്പതികള്‍ തങ്ങള്‍ ചെയ്ത ശരിയില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്.