കൽപ്പറ്റ: നാല് പതിറ്റാണ്ടായി നീതിക്ക് വേണ്ടി പോരാടുന്ന തൊണ്ടർനാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ. സമര സഹായ സമിതികൾ 30ന് കളക്ടറേറ്റ് പടിക്കൽ കാഞ്ഞിരത്തിനാൽ കുടുംബത്തോടൊപ്പം ഉപവാസ സമരം നടത്തുന്നുണ്ട്. നാൽപത് വർഷം മുന്പ് വില കൊടുത്ത് വാങ്ങിയ ഭൂമി പിടിച്ചെടുത്ത വനം വകുപ്പിൽ നിന്നും 12 ഏക്കർ ഭൂമിയും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ജെയിംസും കുടുംബവും വയനാട് കളക്ടറേറ്റിന് മുന്പിൽ നടത്തുന്ന സത്യാഗ്രഹ സമരം രക്തസാക്ഷി ദിനമായ 30ന് 900 ദിവസം പൂർത്തിയാകുകയാണ്.
കണ്ണ് തുറക്കാത്ത ബ്യൂറോക്രസിക്കെതിരെ പൊതു സമൂഹം ഒന്നിക്കുന്നതിന്റെ ഭാഗമായാണ് ഉപവാസ സമരത്തിനും ജെയിംസിനും കുടുംബത്തിനും പിന്തുണയുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി ഫെയ്സ് ബുക്കിലെ അക്കൗണ്ടുകളിൽ ആയിരക്കണക്കിനാളുകൾ മുഖചിത്രം മാറ്റി. ഞായറാഴ്ച രാവിലെ മുതലാണ് പലരുടെയും പ്രൊഫൈൽ ചിത്രങ്ങൾ മാറി തുടങ്ങിയത്.
മൂന്നര പതിറ്റാണ്ടോളം സ്വന്തം ഭൂമിക്ക് വേണ്ടി സമരം ചെയ്ത കാഞ്ഞിരത്തിനാൽ ജോർജും ഭാര്യയും വൃദ്ധസദനത്തിൽ രോഗബാധിതരായാണ് നീതി കിട്ടാതെ മരിച്ചത്. ഇവരുടെ മരണശേഷം മരുമകൻ ജെയിംസ് സമരം ഏറ്റെടുക്കുകയായിരുന്നു. വനം വകുപ്പിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് കൃത്രിമ രേഖ ചമച്ച് ഈ കുടുംബത്തിന്റെ ഭൂമി വനഭൂമിയാക്കി മാറ്റിയത്.
കേസ് പലതവണ കോടതിയിൽ എത്തിയെങ്കിലും അഭിഭാഷകർ കൂറ് മാറിയതിനാൽ കേസ് തോറ്റു. ഇവർക്ക് അനുകൂലമായി കഴിഞ്ഞ എൽഡിഎഫ് സർക്കാരും പിന്നീട് വന്ന യുഡിഎഫ് സർക്കാരും തീരുമാനങ്ങൾ എടുത്തെങ്കിലും ബ്യൂറോക്രാറ്റുകൾ ഇവയൊക്കെ അട്ടിമറിച്ച് വീണ്ടും വീണ്ടും കുടുംബത്തിനെതിരെ രേഖകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതാണ് വിഷയം സങ്കീർണമാക്കിയത്.
ഇതിനിടെ വിജിലൻസ് റിപ്പോർട്ടും മുൻ സബ് കളക്ടറുടെ റിപ്പോർട്ടും ഇവർക്ക് അനുകൂലമായെങ്കിലും ഫലമുണ്ടായില്ല. വനം, റവന്യു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ചില കടലാസ് പരിസ്ഥിതി സംഘടനകളും ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കാത്തിരത്തിനാൽ കുടുംബത്തിന്റെ സമരത്തിന് പിന്തുണ നൽകുന്നുണ്ട്. സമരത്തിന്റെ ഗതി മാറ്റത്തിന് മുന്നോടിയായാണ് സോഷ്യൽ മീഡിയ പിന്തുണ ആരംഭിച്ചിട്ടുള്ളത്.