നിർത്തിയിട്ട കൂറ്റൻ ട്രക്ക് ഡ്രൈവറില്ലാതെ മുന്നോട്ടു നീങ്ങുന്നതു കണ്ടാൽ അലറിവിളിച്ചു മാറിനിൽക്കുകയായിരിക്കും മിക്കവരും ചെയ്യുക.
എന്നാൽ ട്രക്ക് ഉരുളുന്നതു ശ്രദ്ധയിൽപ്പെട്ട ഒരു യുവതി മറ്റൊന്നും നോക്കാതെ ട്രക്കിന്റെ തുറന്നു കിടന്ന വാതിലിലൂടെ അനായാസമായി ചാടിക്കയറി, ഹാന്ഡ് ബ്രേക്കിട്ടു വാഹനം നിർത്തി.
സമൂഹമാധ്യമങ്ങളില് പ്രചരിച്ച ഇതിന്റെ വീഡിയോക്ക് വലിയ കൈയടിയാണു ലഭിച്ചിരിക്കുന്നത്. എക്സിലെ ജനപ്രിയ അക്കൗണ്ടായ ഘർ കെ കലേഷാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല.
വീഡിയോയുടെ തുടക്കത്തില് ട്രക്കിനും ജെസിബിക്കും ഇടയിലൂടെ നീങ്ങുന്ന ഒരു യുവതിയെ കാണാം. അപ്പോൾ അപ്രതീക്ഷിതമായി ട്രക്ക് മുന്നോട്ട് നീങ്ങുന്നു.
ഈ സമയം പിന്നില്നിന്നു രണ്ടു പേര് ട്രക്കിലെ പിടിച്ചു നിര്ത്താന് ശ്രമിക്കുന്നതും കാണാം. എന്നാല്, യുവതി പെട്ടെന്നു ട്രക്കിലേക്കു ചാടിക്കയറി ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വണ്ടി നിര്ത്തുന്നു.
ഈ സമയം ട്രക്ക് റോഡിന്റെ പകുതി ഭാഗവും കടന്നിരുന്നു. യുവതിയുടെ സാഹസിക പ്രവൃത്തിയും മറ്റു വാഹനങ്ങള് റോഡില് ഇല്ലാതിരുന്നതും വലിയൊരു അപകടം ഒഴിവാക്കി.