ന്യൂഡൽഹി: ആകാശത്തിലും ഭൂമിയിലും മാത്രമല്ല, അതിനും അപ്പുറത്ത് എന്തു സംഭവിച്ചാലും ഫേസ് ബുക്കിലോ വാട്സ്ആപ്പിലോ ഒരു പോസ്റ്റിട്ടില്ലെങ്കിൽ കൈ വിറയ്ക്കുന്നവരുണ്ടോ. അവർ ഒരു മണിക്കൂറിലധികം നേരം മറ്റൊരു പണിയും ചെയ്യാതെ സോഷ്യൽ മീഡിയയിൽ മുഴുയിരിക്കുന്നുണ്ടോ. എങ്കിൽ ഉറപ്പിക്കാം, അവർക്ക് അഹമ്മദാബാദിലെ ഹാപ്പിനെസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കു കുതിക്കാൻ സമയമായി.
രാജ്യത്തെ ആദ്യത്തേതുതന്നെ എന്നു വിശേഷിപ്പിക്കാവുന്ന സോഷ്യൽ മീഡിയ ഡി അഡിക്ഷൻ സെന്ററായ സംവേദന ഹാപ്പിനെസ് സെന്റർ കഴിഞ്ഞ മാസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്തത്. സൈബർ ആക്രമണങ്ങളെ പേടിച്ച് ആളുകൾ സൈബീരിയക്കു വിട്ടാലോ എന്ന് ആശങ്കപ്പെട്ടിരിക്കുന്ന കാലത്ത് ഒരു അടിയന്തര ചികിത്സയാണ് സംവേദന ഹാപ്പിനെസ് സെന്റർ വാഗ്ദാനം ചെയ്യുന്നത്.
സംവേദന ഹാപ്പിനെസ് ആശുപത്രി സോഷ്യൽ മീഡിയയ്ക്ക് അടിമകളായവരുടെ മോചനത്തിനുവേണ്ടി പ്രത്യേക തെറാപ്പികളും ചികിത്സകളും നൽകുന്ന ആശുപത്രിയാണ്. പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ മൃഗേഷ് വൈഷ്ണവ് ആണ് സംവേദന ഹാപ്പിനെസ് സെന്റർ ആരംഭിച്ചത്.
ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ ആളുകളുടെ ജീവിത സമയം അപ്പാടെ കവർന്നെടുക്കുന്ന തരത്തിൽ ഉപയോക്താക്കളെ അടിമകളാക്കുന്നു. ഒരു പരിധി കഴിഞ്ഞാൽ ഈ സോഷ്യൽ മീഡിയ ആളുകളുടെ മനസിന്റെ നിയന്ത്രണവും കവരുന്നു. ഈ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പഠനങ്ങൾക്കൊടുവിലാണു സംവേദന ഹാപ്പിനെസ് സെന്റർ തുടങ്ങാൻ തീരുമാനിച്ചതെന്ന് ഡോ. വൈഷ്ണവ് പറയുന്നു.
സോഷ്യൽ മീഡിയ വ്യാപകമായതോടെ ദന്പതികൾ പോലും പരസ്പരം വാട്സ്ആപ് സന്ദേശങ്ങളിലൂടെ മാത്രം സംസാരിക്കുന്ന അവസ്ഥ വന്നു. വീടുകൾക്കുള്ളിൽ പോലും ആശയവിനിമയം ഈ നിലയിലേക്കൊതുങ്ങുന്ന അവസ്ഥ വരെയെത്തി. അതുകൊണ്ടാണ് പ്രത്യേക ഹിയറിംഗ് സെഷനും അടിയന്തര അത്യാഹിത വിഭാഗവും ഉൾപ്പെടെ ഒരു സോഷ്യൽ മീഡിയ ഡി അഡിക്ഷൻ സെന്റർ എന്ന ആശയത്തിലേക്കു തിരിഞ്ഞതെന്ന് ഡോ. വൈഷ്ണവ് വിശദീകരിക്കുന്നു.
സോഷ്യൽ മീഡിയയുടെ അമിതോപയോഗം ദാന്പത്യത്തകർച്ച മുതൽ മാനസിക പ്രശ്നങ്ങൾക്കും ഉറക്കം നഷ്ടപ്പെടുന്നതിനും ഡിപ്രഷനും വഴി വയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
ഒരു മണിക്കൂറിലധികം സമയം മറ്റൊരു പ്രവൃത്തിയും ചെയ്യാതെ ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ മുഴുകിയിരിക്കുന്ന ഒരാളെ സോഷ്യൽ മീഡിയ അഡിക്ട് ആയി കണക്കാക്കാം എന്നാണ് ഡോ. വൈഷ്ണവ് പറയുന്നത്.
ഹനാൻ എന്ന പെണ്കുട്ടിയുടെ കണ്ണീരു തുടച്ച തുവാല ഇനിയും ഉണങ്ങിയിട്ടുണ്ടാകില്ല. കാര്യമറിയാത്തവരും പാതിയറിഞ്ഞവരും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നടത്തിയ ആൾക്കൂട്ട ആക്രമണത്തിന്റെ ഇരയായിരുന്നു അവൾ.
ഹനാൻ മാത്രമല്ല, മലയാളിയുടെ കീപാടുകളിലെ കൈത്തരിപ്പിന് ഇരയായിട്ടുള്ളവർ നിരവധിയാണ്. കേരളത്തിൽ കഴിഞ്ഞുപോയ വാട്സ്ആപ് ഹർത്താൽ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്കുവരെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴിമരുന്നിട്ടിട്ടുണ്ട്.
വിവരങ്ങളും ബന്ധങ്ങളും സാമൂഹ്യ ജീവിതവും സാമൂഹ്യ മാധ്യമങ്ങളുടെ ഇടനാഴികളിലേക്കു ചുരുങ്ങുന്പോൾ ആ ചുവരുകളുടെ അടിമകളായി മാറുന്പോൾ അഹമ്മദാബാദിലെ സംവേദന ഹാപ്പിനെസ് സെന്റർ ഒരു ചൂണ്ടുപലകയാണ്.
അമിതമായാൽ ആപത്ത്
പഠനം, ഗവേഷണം തുടങ്ങി അക്കേഡമിക് രംഗത്തും ദുരന്തനിവാരണം, വൈദ്യസഹായം എന്നീ മേഖലകളിൽ സോഷ്യൽ മീഡിയകൾ വളരെ സഹായകമാണ്. എന്നാൽ, സൈബർ ആക്രമണം, വ്യാജവാർത്ത, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്കും സോഷ്യൽ മീഡിയകളുടെ അമിതോപയോഗം ഇടവരുത്തുന്നുണ്ടെന്നാണ് വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറലും വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി പ്രസിഡന്റുമായ ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ പറഞ്ഞത്.
കുട്ടികളിലെ സോഷ്യൽ മീഡിയ അമിത ഉപയോഗം മാനസിക വളർച്ചയ്ക്കു വിഘാതമാകും. ഇതു സംബന്ധിച്ച് വേൾഡ് സൈക്യാട്രിക് അസോസിയേഷന്റെ നിലപാട് വിശദീകരിച്ച് പൊസിഷൻ സ്റ്റേറ്റ്മെന്റ് ഓണ് ഇ- മെന്റൽ ഹെൽത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസോസിയേഷന്റെ വെബ്സൈറ്റിൽ ഇതു ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു