ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ കർശന നപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശം.
പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കംചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്കു നിർദേശം നൽകി. പുതിയ ഐടി നിയമപ്രകാരമാണ് നടപടി.
സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് തുങ്ങിയവയ്ക്കാണ് നിർദേശം നൽകിയത്.
ഏതെങ്കിലും വ്യക്തിയുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കണമെന്നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഐടി നിയമത്തിൽ ഭേദഗതി വരുത്തിയത്.
കൂടാതെ, പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. സമീപകാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം.