ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഒട്ടേറെ പേരുടെ ജീവനാണ് എടുത്തത്. ഉറ്റവരെ പോലും കാണാനാകാതെ പലരും കണ്ണീരോടെ ജീവൻ വെടിയുന്നത് കണ്ടുനിൽക്കേണ്ടി വരുന്നത് ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരാണ്.
കരളലിയിക്കുന്ന ഇത്തരം അനുഭവങ്ങൾ പലരും പങ്കുവെക്കാറുണ്ട്. ഡോ. ദീപ്ശിഖ ഘോഷ് പങ്കിട്ട ഒരുനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
കോവിഡ് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങാൻ ഒരുങ്ങുന്ന അമ്മയ്ക്ക് വേണ്ടി വിഡിയോ കോളിൽ മകൻ പാട്ടുപാടുന്ന രംഗമാണ് ഡോക്ടർ പങ്കുവച്ചത്.
മരണത്തിന് കീഴടങ്ങാൻ തുടങ്ങുന്ന സംഗമിത്ര ചാറ്റർജിക്കാണ് മകനുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഡോക്ടർ അവസരം ഒരുക്കിയത്. ഈ സമയത്താണ് മകൻ സോഹൻ ചാറ്റർജി അമ്മയ്ക്കുവേണ്ടി പാട്ടുപാടിയത്.
“എന്റെ ഷിഫ്റ്റ് അവസാനിക്കാറായപ്പോൾ ഒരു രോഗിയുടെ ബന്ധുക്കളെ ഞാൻ വീഡിയോ കോളിൽ വിളിച്ചു.
അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങൾ സാധാരണയായി അത് ആശുപത്രിയില്‍ വച്ച് അത് ചെയ്തുകൊടുക്കും.
ഈ രോഗിയുടെ മകൻ ചോദിച്ചത് എന്റെ കുറച്ച് സമയമാണ്. തുടർന്ന് മരിക്കുന്ന അമ്മയ്ക്ക് വേണ്ടി ഒരു ഗാനം ആലപിച്ചു.
‘തേരെ മുജ്സെ ഹെ പഹെലെ’ എന്ന പാട്ടാണ് മകൻ അമ്മയ്ക്കുവേണ്ടി പാടിയത്. വളരെക്കാലമായി അകന്നു കഴിയുന്ന അമ്മയുടെയും മകന്റെയും കഥ പറയുന്ന ഹിന്ദി സിനിമയിലെ ഗാനമാണിത്.
നിറകണ്ണുകളോടു താനും നഴ്സുമാരും ഈ ഗാനം കേട്ടുനിന്നു. ഇടയ്ക്കുവച്ച് വരികൾ മുറിഞ്ഞു പോയെങ്കിലും അയാൾ പാട്ടുപാടി തീർത്തു.
ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് പതുക്കെ നഴ്സുമാരെല്ലാം അവരുടെ രോഗികളുടെ അടുത്തേക്ക് പോയി”- ഡോ. ദീപ്ഷിക ട്വീറ്റ് ചെയ്തു.
ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
എന്നാൽ എല്ലാ ആശുപത്രികളിലും ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ടെന്നായിരുന്നു ഡോ. ദീപ്ഷികയുടെ മറുപടി.