ഭാര്യ സ്ലീവ്‌ലെസ് ഗൗണിട്ടു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കുനേരെ സദാചാരവാദികളുടെ കടന്നാക്രമണം, സാനിയ മിര്‍സയ്ക്കുശേഷം സോഷ്യല്‍മീഡിയയുടെ ഇരയായി ഷമി

shami 3 സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ച ഭാര്യയോടൊപ്പമുള്ള ചിത്രമിട്ടതിനു തന്നെ ആക്രമിച്ചവര്‍ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയുടെ മറുപടി. എല്ലാവര്‍ക്കും എല്ലാ സൗഭാഗ്യങ്ങളും കിട്ടില്ലെന്നും തന്റെ ഭാഗ്യമാണ് ഭാര്യയും കുട്ടിയുമെന്ന് ഷാമി മറുപടിയെഴുതി. മറ്റുള്ളവരുടെ കുറ്റം കണ്ടെത്താതെ സ്വന്തം ഉള്ളിലേക്കു നോക്കാനും ഷാമി അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് ബ്രൗണ്‍ സ്ലീവ്‌ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. ചിത്രം ഒരുപാടുപേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ചെയ്‌തെങ്കിലും ചിലര്‍ക്ക് അതത്ര രുചിച്ചില്ല.

ഹസിന്റെ ഗൗണിന് കൈയില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമായത്. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെ എന്നായി വേറെ ചിലര്‍. ഭാര്യ എങ്ങിനെ ജീവിക്കണമെന്ന്  നിങ്ങള്‍ക്ക് അറിയില്ലെ എന്നും ചോദിച്ചവരും കുറവല്ല. ചിലര്‍ ഷമിയെ അനുകൂലിച്ച് കമന്റുകളുമായി എത്തിയതോടെ പിന്നെ ചേരിതിരിഞ്ഞ ആക്രമണമായിരുന്നു പിന്നീട്.

പല കമന്റുകളും മര്യാദയുടെയും സഹിഷ്ണുതയുടെയും മാന്യതയുടെയും സീമ ലംഘിക്കുന്നതുമായി. ഇത് ഇന്ത്യയാണ് ഷമിയെയും ഭാര്യയെയും ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടട്ടെ എന്ന് അതിരുവിട്ട് കമന്റ് ചെയ്തവരും ഉണ്ട്. എന്തിനെയും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവരെ വിമര്‍ശിച്ച് കമന്റിട്ടവരും കുറവായിരുന്നില്ല. ടെന്നിസ് താരം സാനിയ മിര്‍സയും നേരത്തെ ഇതുപോലെ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാരവാദികളില്‍ നിന്ന് വന്‍ ആക്രമണത്തിന് ഇരയായിരുന്നു. പരിക്കിന്റെ പിടിയിലുള്ള ഷമി ഇപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്.

Related posts