യുവതിയുടെ ചിത്രത്തിൽ കൃത്രിമം കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വലയിൽ കൂടുതൽ പെണ്കുട്ടികൾപെട്ടതായി സംശയിക്കുന്നെന്നു പോലീസ്.
കഴിഞ്ഞ ദിവസമാണ് എറണാകുളം പാലാരിവട്ടം സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട കല്ലേലിത്തോട്ടം കോന്നി എസ്റ്റേറ്റിൽ നാസർ (42) അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ഇയാൾ കൂടുതൽ സ്ത്രീകളെ സമാനരീതിയിൽ ചതിയിൽ പെടുത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി പാലാരിവട്ടം എസ്ഐ ബേസിൽ തോമസ് പറഞ്ഞു.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. ഇയാളെ കസറ്റഡിയിൽവിട്ടുകിട്ടാനുള്ള അപേക്ഷ ഇന്നു സമർപ്പിക്കും. കൂടുതൽ പേർ ചതിയിൽ പെട്ടിരിക്കാമെന്നും അപമാനം ഭയന്ന് പരാതി നൽകാതിരിക്കുന്നതാകുമെന്നും എസ്ഐ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇരകളെ കണ്ടെത്തുന്നതെന്നു പോലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ആ ബന്ധം ഫോണ് കോൾ മുതൽ വീഡിയോ ചാറ്റിംഗ് വരെയെത്തിക്കും. അതിനിടയിൽ ഫോട്ടോകൾ വാങ്ങിക്കുകയും വീഡിയോ ചാറ്റിംഗ് റിക്കാർഡും ചെയ്യും. പിന്നീട് ഈ വീഡിയോയും ഫോട്ടോയും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തും. ഇതായിരുന്നു ഇയാളുടെ രീതി. പണം നൽകിയില്ലെങ്കിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചിത്രം പ്രചരിപ്പിക്കും.
പാലാരിവട്ടം സ്വദേശിനിയേയും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. ഫോട്ടോ കരസ്ഥമാക്കുകയും മോർഫ് ചെയ്തു. പിന്നീട് പണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, പണം കൊടുക്കാൻ അവർ തയാറായില്ല. തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് വഴി അശ്ലീലച്ചുവയുള്ള ചിത്രം പ്രചരിപ്പിച്ചു. ഇതേത്തുടർന്ന് യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്രക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നിർദ്ദേശ പ്രകാരം എറണാകുളം നോർത്ത് സർക്കിൾ ഇൻസ്പെക്ടർ ടി.ബി വിജയന്റെ നേതൃത്വത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷൻ എസ്ഐ ബേസിൽ തോമസ്, അഡീഷണൽ സബ്ഇൻസ്പെക്ടർ സനുമോൻ, എഎസ്ഐമാരായ മോഹനൻ, സാബു എം. പീറ്റർ, സീനിയർ പോലീസ് ഓഫീസർ സഞ്ജയൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.