പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ലെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്നാധിഷ്ഠിതമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. മാതൃകാ പെരുമാറ്റച്ചട്ടം യാതൊരു കാരണവശാലും ലംഘിക്കരുത്. ജാതി,വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ഥന പാടില്ല. വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. എതിര് പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന പ്രസ്താവനകള്‍ നേതാക്കളോ, സ്ഥാനാര്‍ഥികളോ നടത്തരുത്. പരിശോധിച്ച് ഉറപ്പുവരുത്താത്തതും തെറ്റിധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്നും വാര്‍ത്തകള്‍ എന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.. എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ല.