വളരെ രസകരമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു റേറ്റിംഗ് കഥയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഒരു ജിമ്മിന് ഒരാൾ നൽകിയ റിവ്യൂവിന്റെ സ്ക്രീൻഷോട്ടാണ് ആ ചിരിക്ക് കാരണം. വൺ സ്റ്റാറാണ് ഇയാൾ ജിമ്മിന് നൽകിയിരിക്കുന്നത്. അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്.
‘അടുത്തുള്ള നല്ല ജിമ്മുകൾക്ക് വേണ്ടി തിരയുകയായിരുന്നു ഞാൻ. അപ്പോഴാണ് ഇങ്ങനെ ഒരു റിവ്യൂ കണ്ടത്’ എന്ന് കുറിച്ച് റിവ്യൂവിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സോഹം എന്ന ഉപയോക്താവിന്റെ പോസ്റ്റാണ് വൈറലാകുന്നത്. കൾട്ട് കല്യാണി നഗർ ജിമ്മിനാണ് യുവാവ് റിവ്യൂ നൽകിയിരിക്കുന്നത്.
വൺ സ്റ്റാർ നൽകാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെയാണ്: “ഞാൻ എന്റെ കാമുകിയുമായി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്ലാസിൽ ചേർന്നത്. ഈ സ്ഥലം മനോഹരമാണ്, ആളുകളും നല്ലതാണ്, പക്ഷേ എന്റെ കാമുകി ശ്രുതി എന്നെ ഇവിടെ വച്ച് ‘അഭിഷേക്’ എന്ന യുവാവുമായി ചേർന്ന് എന്നെ ചതിച്ചു. തുടക്കത്തിൽ, അവൻ അവളുമായി സൗഹൃദത്തിലാണെന്ന് ഞാൻ കരുതി, പക്ഷേ അവൻ അവളെ എന്നിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. എന്തിനേറെ പറയുന്നു എന്റെ പ്രോട്ടീൻ ഷേക്ക് പോലും ഞാൻ അവനുമായി ഷെയർ ചെയ്തിരുന്നു. എന്നിട്ടും അവൻ എന്നെ വഞ്ചിച്ചു. ഇപ്പോൾ, അവർ ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്നു, ഞാൻ തനിച്ചുമായി. അതിനാലാണ് വൺ സ്റ്റാർ നൽകുന്നത്” എന്നാണ് യുവാവിന്റെ റിവ്യൂ.
സോഹത്തിന്റെ പോസ്റ്റ് എന്തായാലും വൈറലായി. പോട്ടെടാ മോനേ വിട്ടു കള എന്ന് കുറിച്ചുകൊണ്ട് പലരും യുവാവിനെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് പിന്തുണ നൽകിയത്.