വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ തിരുവനന്തപുരത്തേക്ക് ഒരു വണ്ടി വേണം. ട്വിറ്ററില്‍ അഭ്യര്‍ഥന വന്നതും അതാ വിക്രമന്മുത്തു ചാടിയിറങ്ങി. കഋവേപ്സിനെ ടാഗ് ചെയ്തു കൊണ്ട് ആഹ്വാനം വന്നു കഴിഞ്ഞു. വിവരം ദില്‍വാലയും ചത്തമത്തിയും ജോയല്‍മോനും കൂടി കേരളത്തിന്റെ നാനാഭാഗത്തേക്കും പരത്തി വിടുന്നു. ഒരു മണിക്കൂറിനുള്ളില്‍ സഹായഹസ്തങ്ങള്‍ റെഡിയായ വിവരവുമായി മാനസിക പ്രക്ഷാളനത്തിന്റെ സ്ഥിരീകരണം വരുന്നു…
ഇടുക്കി മേഖലയില്‍ റോഡ് ഗതാഗതം എങ്ങനെയുണ്ട് എന്നൊരു ചോദ്യം വരേണ്ട താമസമേയുള്ളൂ, ഇപ്പോള്‍ കുഴപ്പമില്ല എന്നാലും സൂക്ഷിച്ചു യാത്ര ചെയ്യണം എന്ന അറിയിപ്പുമായി ഏദനിലെ രാമന് പാഞ്ഞെത്തും.
‘മമ്മദു, ഷബീരാ, ജോണ്‍, റാസ, ഷിഫ്സ് കപ്പിത്താന്, ഊക്കന്‍ ടിന്റു, ജോയല്‍ മോന്, ശീ ശ്രീ ചാത്താനന്ദ, ഏദനിലെ രാമന്, പപ്പേട്ടന്റെ മോന്, സംപൂജ്യന്‍, ഞാന്‍ ഒരു സ്ത്രീ, അതിരന്, താന്തോന്നി, സബ് ഇന്‍സ്പെക്ടര്‍ സൂപ്പര്‍ ജിന്‍, വജ്രബാഹു, സ്റ്റൈല്‍ രാജ്, തേതിക്കുട്ടി…’ ഇനിയുമുണ്ട് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്ന രക്ഷാപ്രവര്‍ത്തകരുടെ പേരുകള്‍.
ഇവരൊക്കെ നാട്ടിലും മറുനാടുകളിലുമായി ജോലിയും പഠനവുമൊക്കെയായി കഴിയുന്ന മലയാളികള്‍ തന്നെ. ട്വിറ്ററിലെ അനോണി മലയാളം ഹാന്ഡിലുകളാണിവര്. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലം മുതല്‍ കേരളത്തിന് വേണ്ടി കൈമെയ് മറന്ന് ട്വിറ്റര്‍ ലോകത്ത് സജീവമായവര്‍. താനാരാണെന്ന് തനിക്കറിയാമെങ്കിലും അത് മറ്റുള്ളവര്‍ അറിയേണ്ടെന്ന് ഏറെ നിര്ബന്ധമുള്ളവര്. ഇവരുടെ ജാഗ്രതയും കരുതലും സഹായവും സഹകരണവുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പാഞ്ഞെത്തുന്നുണ്ട്.
ഈ വര്‍ഷത്തെ പ്രളയകാലത്തും മലയാളം ട്വിറ്ററില്‍ ഓരോ നിമിഷവും ഓരോ ഹീറോകള്‍ അവതരിച്ചു കൊണ്ടേയിരിക്കുന്നു. അതീജിവനത്തിന്റെ പാതയിലേക്ക് നാടിനെ കൈപിടിച്ചു നടത്താന്‍ രാപകലില്ലാതെ അവര്‍ മിഴിനട്ടിരിക്കുന്നു. ഇടവേളകളില്ലാതെ വാര്‍ത്തകളും സുരക്ഷാനിര്‍ദേശങ്ങളും ട്വീറ്റ് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധ്യപ്പെടുത്തുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നു.
അതിനിടയ്ക്ക് വ്യക്തിപരമായ സഹായ അഭ്യര്‍ഥനകള്‍ കൈമാറുന്നു. സഹായം ആവശ്യപ്പെട്ട് കൊണ്ടു വിവിധ സോഷ്യല്‍ മീഡിയകളില്‍ വരുന്ന അഭ്യര്‍ഥനകള്‍ ഫോണ്‍ വിളിച്ച് സ്ഥിരീകരിച്ച് അതാത് ജില്ലകളിലെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി സഹായം ഉറപ്പു വരുത്തുന്നു. ഓരോ സഹായ അഭ്യര്‍ഥനകളും വരുന്ന മുറയ്ക്ക് ഫോണ്‍ വിളിച്ച് അത് യഥാര്‍ഥവും അര്‍ഹതപ്പെട്ടതും എന്നുറപ്പ് വരുത്തുകയും ചെയ്യുന്നുണ്ടിവര്‍.
മലയാളം ട്വിറ്ററിന്റെ ഒരു പ്രവര്‍ത്തന മാതൃക:
ഓഗസ്റ്റ് പത്തിന് ജോണ്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വന്ന ഒരു അഭ്യര്‍ഥന ആണിത്.
“കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ഭാഗത്തേക്ക് റിസോഴ്സസ് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഈ പ്രദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിതമായത് കൊണ്ടാണ് ഇവയുടെ പേര് എടുത്തുപറഞ്ഞത്. ഒരു ഗ്രൂപ്പ് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട് സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ഡിഎം (ഡയറക്ട് മെസേജ്).’
ഓഗസ്റ്റ് പതിനൊന്നിന് ഈ അഭ്യര്‍ഥന പ്രകാരം ലഭിച്ച കൂട്ടായ സഹകരണത്തിന്റെ ഫലമായി മരുന്നുകള്‍ അയച്ചു കൊടുത്തു. തുടര്‍ന്നും മരുന്നുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, മറ്റ് അവശ്യ സാധനങ്ങളുമായി ഓഗസ്റ്റ് 12ന് സാധനങ്ങള്‍ അയച്ചു കൊടുത്ത ചിത്രവുമായി ജോണ്‍ അപ്ഡേറ്റ് ചെയ്തു.
ഇത് മലയാളം ട്വിറ്ററിലെ സഹായ രൂപീകരണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. വ്യക്തിപരമായും കൂട്ടായും സഹായങ്ങള്‍ ചെയ്യുന്ന നിരവധിപ്പേരുണ്ടിവിടെ. അവരില്‍ ചിലര്‍ അജ്ഞാതരായും മറ്റു ചിലര്‍ നേരിട്ട് സ്വന്തം പേരിലും പ്രളയകേരളത്തിനായി സജീവമായി രംഗത്തുണ്ട്.
എന്റെ മകളെക്കാള്‍ ഇപ്പോള്‍ എന്നെ ആവശ്യം വയനാട്ടിലെ മേപ്പാടി, പുത്തുമലയിലെ ആളുകള്‍ക്കാണ് എന്നു പറഞ്ഞ് വൈദ്യസേവനത്തിനായി ഇറങ്ങിത്തിരിച്ച ഡോ. ഷിനു ശ്യാമളന്, എം.ബി. ബിന്‍സി, ചലച്ചിത്ര താരങ്ങളായ പൃഥ്വരാജ്, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ടോവിനോ തോമസ് തുടങ്ങി നിരവധി പേര് ട്വിറ്ററിലെ അതിജീവന പ്രവര്‍ത്തനത്തില്‍ സജീവമാണ്.
സെബി മാത്യു