കാസര്‍ഗോഡ്: അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ 144 -ാം വകുപ്പ് പ്രകാരം മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 11 ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.
ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമുള്ള അവസരമായി ഇത് ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ ശക്തമായി അടിച്ചമര്‍ത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും.
ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.