സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.
ജമ്മുകാഷ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷേഖ് (36) ആണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ കൂടിയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്.
പാക്കിസ്ഥാനിലെ മുൾടാനിൽനിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ കാണാനായിരുന്നു ഇയാളുടെ സാഹസം. കച്ച് അതിർത്തി വഴി നിയമപരമായി പാക്കിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഷേഖ്, അധികാരികളിൽനിന്ന് അനുമതി നേടുന്നതിനു പ്രദേശവാസികളുടെ സഹായം തേടി. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇയാളെ വിട്ടയച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.