ഒരു കട്ടിലിനെ അതേപടി വാഹനമാക്കി മാറ്റിയ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ യുവാവിനു സോഷ്യൽ മീഡിയയുടെ കൈയടി. നവാബ് ഷെയ്ഖ് എന്ന ഈ ഇരുപത്തിയേഴുകാരന്റെ കാർ റോഡിലൂടെ പോകുന്നതു കണ്ടാല്‍ ഒരു ഡബിൾകോട്ട് കട്ടില് ചലിക്കുന്നതായാണു തോന്നുക.
കട്ടിലിനടിയില്‍ നാല് ടയറും എഞ്ചിനും ഘടിപ്പിച്ചാണ് ‘ബെഡ് കാര്‍’ നിർമിച്ചത്. ഒത്തനടുക്ക് ഒരു സീറ്റും പിന്നെ സ്റ്റിയറിംഗും. സീറ്റിന്റെ ഇരുവശത്തുമായി രണ്ടു തലയിണകളും പുതപ്പും ബെഡ്ഡും. യാത്രയ്ക്കിടെ കിടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിനാണ് ഇത്തരത്തിലൊരു കാർ രൂപപ്പെടുത്തിയതെന്നു നവാബ് പറയുന്നു.
തന്റെ പുതിയ കാറുമായി യുവാവ് റാണിനഗര്‍-ഡോങ്കല്‍ സംസ്ഥാന ഹൈവേയിൽ എത്തിയതോടെ കാഴ്ചക്കാരെക്കൊണ്ട് റോഡ് ബ്ലോക്കായി. പിന്നാലെ പോലീസും എത്തി. വാഹനിർമാണ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച വാഹനം റോഡിലൂടെ ഓടിക്കാൻ പറ്റില്ലെന്നു പറഞ്ഞ് കാർ പിടിച്ചെടുത്ത് ടയറുകൾ പോലീസ് അഴിച്ചുമാറ്റി.
രണ്ട് ലക്ഷത്തോളം രൂപ മുടക്കി ഒരുവര്‍ഷംകൊണ്ടാണ് നവാബ് തന്റെ സ്വപ്നവാഹനം നിർമിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു. കാറിന്റെ ഓട്ടം ചിത്രീകരിച്ച വീഡിയോയില്‍ അത്യാവശ്യം വേഗത്തില്‍തന്നെ ഇതു പോകുന്നത് കാണാം. പോലീസ് പിടിച്ചെടുക്കും മുൻപേ നവാബിന്റെ കാർ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ കാർ കണ്ട് സാങ്കേതികവിദ്യ പേടിച്ചുപോയിരിക്കാമെന്നായിരുന്നു ഒരാളുടെ കുറിപ്പ്. ബെഡ്കാറില് പോകുമ്പോൾ മഴയും വെയിലും കൊള്ളേണ്ടി വരില്ലേ എന്ന സംശയവും ചിലർ ഉന്നയിച്ചു.