യുഎസ്: ചാരിറ്റി ധനസമാഹരണത്തിനായി സംഘടനകളും മറ്റും വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അവയിൽ മിക്കതും ക്ലിക്കാകാറുമുണ്ട്. എന്നാൽ, അമേരിക്കയിലെ ഒരു സ്കൂൾ അധികൃതർ സ്വീകരിച്ച മാർഗം കുറച്ചു കടന്നുപോയി. കുട്ടികളെക്കൊണ്ടു മറ്റുള്ളവരുടെ കാൽ നക്കിപ്പിച്ചായിരുന്നു പണപ്പിരിവ്. ആളുകളെ അന്ധാളിപ്പിച്ച വിചിത്രമായ ഈ പരിപാടി സ്കൂൾ അധികൃതർക്കെതിരേ വലിയതോതിലുള്ള പ്രതിഷേധം ഉയർത്തി.
ഒക് ലഹോമയിലെ എഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീർ ക്രീക്ക് ഹൈസ്കൂളിലായിരുന്നു സംഭവം. പുറത്തുവന്ന ഇതിന്റെ വീഡിയോയിൽ കൗമാരക്കാരായ കുട്ടികൾ തങ്ങൾക്കു മുൻപിൽ ഇരിക്കുന്ന വ്യക്തികളുടെ ഷൂസും സോക്സും അഴിച്ചുമാറ്റുന്നതും തുടർന്ന് അവരുടെ പാദങ്ങളിൽ ചുംബിക്കുന്നതും കാൽവിരലുകൾ നക്കുന്നതും കാണാം.
“വെറുപ്പുളവാക്കുന്നു, ഫണ്ട് ശേഖരണത്തിനായി കുട്ടികളെ ഇങ്ങനെ ഉപയോഗിക്കാൻ ആരാണ് അനുവാദം നൽകിയത്’ എന്ന ചോദ്യമാണു സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടവർ ഉന്നയിച്ചത്.
എന്നാൽ സ്കൂൾ അധികൃതർ ഇതിൽ വലിയ തെറ്റൊന്നും കാണുന്നില്ല. ധനസമാഹരണത്തിനായി നടത്തിയ ഒരു കാന്പയിൻ മാത്രമാണിതെന്നാണ് അവരുടെ പക്ഷം. ഒന്നേകാൽ കോടി രൂപ ഇതുവഴി ലഭിച്ചെന്ന് അധികൃതർ അവകാശപ്പെടുകയുംചെയ്തു. ഏതായാലും സംഭവം വിവാദമായതോടെ ഒക് ലഹോമയിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.