സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നു എന്നു കരുതുന്നവരാണ് അധികവും. എന്നാൽ സമൂഹമാധ്യമങ്ങളുടെ ഇന്നത്തെ ലോകത്ത് അവ കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്ലോസ് വണ്‍ എന്ന അമേരിക്കൻ മാസിക നടത്തിയ പഠനം.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ദന്പതികൾ തങ്ങളുടെ സ്നേഹം തുളുന്പുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് അവർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. കൻസാസ് സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന ആളുകൾ തങ്ങളുടെ പോസ്റ്റുകളിൽനിന്ന് ജീവിതപങ്കാളിയെ സ്ഥിരമായി മാറ്റി നിർത്തിയാൽ അത് അവരുടെ ബന്ധത്തെ വിപരീതമായി ബാധിക്കുമെന്നും പഠനം പറയുന്നു. എപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നയാൾ തന്റെ ജീവിത പങ്കാളിയെ പൂർണമായി ഒഴിവാക്കിയാൽ അതിൽ മറ്റെയാൾക്ക് സംശയം തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ജീവിതപങ്കാളിയുടെ പേരുകൂടി ചേർക്കുന്നതും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും പരസ്പര വിശ്വാസം വർധിപ്പിക്കാൻ സഹായിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ സുരക്ഷിതത്വ ബോധം വർധിപ്പിക്കുമെന്നും പഠനം പറയുന്നു. അതേ സമയം വല്ലപ്പോഴും മാത്രം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നയാൾ ഇതു വഴി സ്വകാര്യ ജീവിതം പരസ്യമാക്കുന്നത് അത്ര നല്ലതല്ലത്രെ.