ആലക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളും മലയോരത്തും പ്രചരിക്കുന്നു. കഴിഞ്ഞ രാത്രി വന്ന വ്യാജ പ്രചാരണം മലയോരത്തെ ഭീതിയിലാഴ്ത്തി. രയറോം പുഴ ഇരുകരയും കവിഞ്ഞതായും രയറോം പാലത്തിൽ വെള്ളം കയറി ഒഴുകുന്നതായുമാണു സോഷ്യൽമീഡിയ വഴി അഭ്യൂഹം പരന്നത്.
ഇതേത്തുടർന്നു സമീപവാസികൾ രയറോം പാലത്തിൽ വന്നു സ്ഥിതിഗതികൾ നോക്കി. എന്നാൽ, പാലത്തിൽ നിന്നും ഏറെ താഴെയാണു വെള്ളം ഒഴുകിയിരുന്നത്. വ്യാജപ്രചാരണത്തിൽ വിശ്വസിച്ചു പലരും ആലക്കോട്-ചെറുപുഴ റൂട്ടിൽ രയറോം വഴി യുള്ള യാത്രവരെ അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞദിവസം മലയോരത്ത് ഇത്തരത്തിൽ മറ്റൊരു അഭ്യൂഹം പരന്നിരുന്നു. ജയഗിരി മലയിൽ ഉരുൾപൊട്ടി എന്നായിരുന്നു വാർത്ത. എന്നാൽ, മാധ്യമപ്രവർത്തകർ അടക്കം സ്ഥലത്തെത്തിയെങ്കിലും വാർത്ത വ്യാജമാണെന്നറിഞ്ഞു തിരിച്ചുപോകുകയായിരുന്നു.
നാടും നഗരവും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്പോൾ ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരേ നിയമനടപടി വേണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.