നാദാപുരം: വളയം ഗവ: ഹയർ സെക്കന്‍ഡറി സ്കൂളിനെതിരെ സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ പ്രചരണം അഴിച്ചുവിടുന്നതായി സ്കൂൾ അധികൃതർ വളയം പോലീസിൽ പരാതി നൽകി. നേരത്തെ സമരങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളും കാരണം പിന്നോക്കാവസ്ഥയിലായ സ്കൂൾ നാട്ടുകാരുടെയും, അധ്യാപകരുടെയും ശ്രമഫലമായി കഴിഞ്ഞ പത്ത് വർഷം കൊണ്ട് മുൻനിരയിലെത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞയാഴ്ച സ്കൂൾ പരിസരത്തുനിന്നും കുറ്റ്യാടി സ്വദേശികളായ രണ്ട് പേരെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വളയം ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥികൾ കഞ്ചാവിനടിമകളാണെന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുകയായിരുന്നു.
സ്കൂളിന്റെ പേര് സഹിതമാണ് പ്രചരണം നടക്കുന്നത്. ട്രോൾ രൂപത്തിൽ പ്രചരിക്കുന്ന പോസ്റ്റ് സ്കൂളിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഇതിനോടകം നാട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ചില തൽപ്പരകക്ഷികൾ ഇത് ഏറ്റെടുത്തതോടെ സ്കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു. വളയം പോലീസ് അന്വേഷണം ആരംഭിച്ചു.