കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ സിപിഎംനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എടക്കാട് കണ്ണൂർ സിറ്റി ഫിഷർമെൻ ഡവലപ്മെന്റ് ആന്റ് വെൽഫെയർ കോ. ഓപ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വീണ്ടും കേസ്.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച 50 ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന എളയാവൂർ സ്വദേശി നാരായണന്റെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറി സുനിത, പ്രസിഡന്റ് സത്യബാബു, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ്.
വർഷങ്ങളായി സൊസൈറ്റിയിൽ നാരായണൻ പണം നിക്ഷേപിച്ച് വരികയായിരുന്നു. കാലാവധി കഴിഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വഞ്ചിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.നിരവധിയാളുകളാണ് ബാങ്ക് ഭരണ സമിതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്ന് ഭരണ സമിതി പറയുന്നുണ്ടെങ്കിലും ഇതുവരെയും തിരിച്ചു ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.