സ്വന്തം ലേഖിക
കണ്ണൂർ: വായന മരിക്കുന്നില്ല, വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. പുതിയൊരു പുസ്തകം തുറക്കുന്പോൾ പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്നില്ല.
അച്ചടിച്ച പുസ്തകത്താളുകളിൽനിന്ന് ഇൻറർനെറ്റിന്റെയും കംപ്യൂട്ടർ അടക്കമുള്ള സാങ്കേതികവിദ്യകളുടെയും വരവോടെ പുതുതലമുറയുടെ വായന അതിലേക്ക് മാറി. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്നതിന്റെ തെളിവാണിത്.
അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വില്പനയും നാൾക്കുനാൾ വർധിച്ചുവരികയാണ്. ലോക്ഡൗണ്‍ കാലയളവിൽ യുവാക്കൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ ഡിജിറ്റൽ വായനയെ തന്നെയാണ്.
ഇന്നു ലോകമെന്പാടും പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുന്പോൾത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു വായനയെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു.
ഇ-ബുക്ക് റീഡറുകൾ ഉപയോഗിച്ച് സൗകര്യപ്പെടുന്പോഴൊക്കെ ഒരാൾക്ക് വായനയുടെ ലോകത്തേക്ക് പ്രവേശിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ സമാഹരിച്ചുവയ്ക്കാം. വായനാമുറിയിൽ ഇരുന്നു മാത്രമല്ല, പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് വായിക്കാം.
അക്ഷരങ്ങളുടെ വലിപ്പം, ക്രമീകരണം, വെളിച്ചം തുടങ്ങിയവയൊക്കെ വായനക്കാരന് ക്രമീകരിക്കാനാകുമെന്ന് മാത്രമല്ല, പുസ്തക വായനയുടെ അനുഭവം നൽകുന്ന വിധത്തിൽ പേജുകൾ മറിച്ച് വായിക്കാനും ഇത്തരം ഇ-ബുക്ക് റീഡറുകൾ അവസരമൊരുക്കുന്നു.
വായനശാലയിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്
പുസ്തകങ്ങളിൽ നിന്നും കംപ്യൂട്ടർ സ്ക്രീനിലേക്കും മൊബൈൽ ഫോണുകളിലേക്കും വായനയുടെ ഘടനമാറിയതോടെ വായനശാലകളുടെ സ്വീകാര്യത കുറയുന്നു.
കോവിഡ് ഭീതിയിൽ പലരും ഇന്ന് വായനശാലകളിൽ എത്താറില്ല. എല്ലാരും ഡിജിറ്റൽ വായനയെയാണ് ആശ്രയിക്കുന്നത്. കൂട്ടുകൂടി കഥകൾ വായിക്കാനെത്തുന്നവരെ ഇന്നു കാണാനില്ല.
കടലാസിന്റെ മണവും പുറം ചട്ടയുടെ നിറവും വായനയുടെ കാലത്തേക്ക് കൂട്ടികൊണ്ടുപോയിരുന്ന വായനശാലകളിലെ ആ സൗഹൃദ സദസുകളിൽ ഇന്ന് സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകളിലേക്ക് കളം മാറി.
അതേസമയം തിരക്കേറിയ പുതിയ ജീവിതത്തിൽ വായനയെ കൂടുതൽ സൗകര്യപ്രദമാക്കുകയാണ് സാങ്കേതികത ചെയ്യുന്നതെന്ന് പറയാം.
വായനയുടെ സമയം, സ്ഥലം, ചെലവ് എന്നിവയിലൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതികതയ്ക്ക് സാധിച്ചിട്ടുണ്ട്. മറ്റു ജോലികളെല്ലാം തീർത്ത് വായനയ്ക്കായി മാറ്റിവയ്ക്കുന്ന സമയം മാത്രമല്ല,
ഇന്ന് വായനാസമയം. യാത്രചെയ്യുന്പോഴും അപ്രധാനമായ മറ്റു കാര്യങ്ങൾ ചെയ്യുന്പോഴും ആരെയെങ്കിലും കാത്തുനിൽക്കുന്പോഴും എന്നുവേണ്ട, ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും വായനയ്ക്കായി നീക്കിവയ്ക്കാൻ വായനാപ്രേമിയെ പ്രേരിപ്പിക്കുന്നുണ്ട് പുതിയ കാലത്തെ മാധ്യമങ്ങൾ.
സോഷ്യൽമീഡിയയും ഒരു ബുക്കുതന്നെ
സോഷ്യൽ മീഡിയ എന്നത് വായനയുടെയും വലിയൊരു ലോകമാണ്. സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളെയും കോർത്തിണക്കിയുള്ള എഴുത്തും വായനയും ഇന്ന് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്.
ബ്ലോഗുകൾ, ഇ-മാഗസിനുകൾ, ഓണ്‍ലൈൻ പത്രങ്ങൾ എന്നിങ്ങനെയുള്ളവയും ഇ-വായന തന്നെയാണ്. വിവര ശേഖരണവും നേരംപോക്കും മാത്രമല്ല ഇവയുടെ ലക്ഷ്യം.
ഗൗരവമുള്ള വായനയ്ക്കും ഇ-മാഗസിനുകളും പോർട്ടലുകളും വായനക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാണ്.
പുസ്തകങ്ങളുടെ മേധാവിത്വത്തിൽനിന്ന് മാറുകയും ഓണ്‍ലൈൻ പോർട്ടലുകളും ബ്ലോഗുകളും സോഷ്യൽ മീഡിയയുമൊക്കെ വായനയ്ക്കുള്ള ഉപാധിയായിത്തീരുകയും ചെയ്തു എന്നതാണ് പുതിയ കാലത്തെ വായനയുടെ ഒരു സവിശേഷത.
പുസ്തകവായനയുടെ ചില പരിമിതികളെ മറികടക്കാനോ വായനയ്ക്ക് പുതിയ അനുബന്ധങ്ങൾ സൃഷ്ടിക്കാനോ ഇ-വായനയ്ക്ക് സാധിക്കുന്നുണ്ട്.
ലിങ്കുകൾ, വീഡിയോകൾ, ഓഡിയോ, ജിഫ് ഇമേജുകൾ, മോഷൻ ഗ്രാഫിക്സ് എന്നിങ്ങനെ എല്ലാ മാധ്യമങ്ങളുടെയും സാധ്യതകൾ സമന്വയിപ്പിക്കുകയാണ് ഇ-ബുക്കുകളും ഇൻറർനെറ്റും ചെയ്യുന്നത്.
വായനക്കാരന് അയാളുടെ വായനാനുഭവത്തെക്കുറിച്ച് എഴുത്തുകാരനുമായി സംവദിക്കാൻ ഇന്ന് അവസരങ്ങൾ ഒരുക്കുന്നുവെന്നതാണ് ഡിജിറ്റൽ വായനയുടെ മറ്റൊരു സവിശേഷത.