സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും സഹായം അഭ്യർഥിക്കുന്നവർക്കെതിരേ നടപടിയെടുക്കരുതെന്ന് കർശന നിർദേശം നൽകി സുപ്രീംകോടതി.
സഹായ അഭ്യർഥനകളെ ഭയപ്പെടുത്തി അടിച്ചമർത്താൻ ശ്രമിച്ചാൽ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നാണ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.
ഇതു സംബന്ധിച്ച് സംസ്ഥാന ഡിജിപിമാർക്ക് കർശന നിർദേശം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലും ചികിത്സയ്ക്കായി ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത ദുരവസ്ഥയാണുള്ളതെന്നും നിലവിലെ സ്ഥിതി അതീവഗുരുതരമാണെന്നും ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയും സഹായം അഭ്യർഥിച്ചുമുള്ള നിരവധി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് സംസ്ഥാനങ്ങൾക്കു കർശന നിർദേശങ്ങൾ നൽകിയത്.
ജനങ്ങൾ സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ ദുരിതവും സഹായ അഭ്യർഥനയും പങ്കുവച്ചാൽ അത് തെറ്റായ വിവരമാണ് എന്ന ആരോപണം ഉന്നയിക്കരുത്.
ഇത്തരം സഹായ അഭ്യർഥനകളെ ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിച്ചാൽ സംസ്ഥാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും സുപ്രീംകോടതി താക്കീത് നൽകി.
കോവിഡ് പ്രതിസന്ധികാലത്ത് സോഷ്യൽ മീഡിയകൾ നൽകുന്ന സേവനത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും അഭിനന്ദിച്ചിരുന്നു.
സോഷ്യൽ മീഡിയകളിൽ കോവിഡ് പ്രതിസന്ധി വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയകളിൽ സഹായ അഭ്യർഥനകളും ദുരിതങ്ങളും പങ്കുവയ്ക്കുന്നവരെ വിരട്ടരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക വെർച്വൽ പത്രസമ്മേളനം നടത്തിയാണ് സോഷ്യൽ മീഡിയകളിൽ പരിഭ്രാന്തി പങ്ക് വെക്കുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നു മുന്നറിയിപ്പു നൽകിയത്.
അടുത്തയിടെ തന്റെ മുത്തശി ഓക്സിജൻ ലഭിക്കാതെ ഗുരുതരാവസ്ഥയിലാണെന്ന് പോസ്റ്റ് ചെയ്ത യുവാവിനെതിരേ ഉത്തർപ്രദേശ് പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.