കുന്നത്തൂർ: സോഡായ്ക്കും മറ്റ് അനുബന്ധ ശീതളപാനീയങ്ങൾക്കും വില വർധിപ്പിച്ചു.വിവിധ കാരണങ്ങളാൽ വ്യവസായം നഷ്ടത്തിലായതിനാൽ വില വർധനവ് അനിവാര്യമായതായി കേരള സോഡാ സോഫ്റ്റ് ഡ്രിങ്ക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
300 മി.ലിറ്ററുള്ള 24 കുപ്പികളടങ്ങിയ ഒരു കെയ്സ് സോഡയ്ക്ക് 100 രൂപയാകും.നിലവിൽ അഞ്ച് രൂപ വിലയുണ്ടായിരുന്ന സോഡ ഏഴ് രൂപയാകും. 300 മി.ലിറ്റർ ലമൺ സോഡയ്ക്ക് 12 രൂപയും 200 മി.ലിറ്ററിന് 10 രൂപയും 200 മി.ലിറ്റർ മാംഗോ ജ്യൂസിന് 12 രൂപയുമാക്കി.
സോഡാ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധനവും ജിഎസ്ടി, ലേബർചാർജ്, വാട്ടർ പ്യൂരിഫിക്കേഷൻ ടെസ്റ്റ് ചാർജ്, ലൈസൻസ് ഫീസ് വർധനവ് തുടങ്ങിയ കാരണങ്ങളാണ് വില വർധനവിനായി ചൂണ്ടിക്കാണിക്കുന്നത്.
കുന്നത്തൂർ താലൂക്കിൽ മാത്രം നൂറോളം സോഡാ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ തന്നെ ഭൂരിഭാഗവും കുടിൽ വ്യവസായമായും സ്വയം തൊഴിലായുമാണ് പ്രവർത്തിക്കുന്നത്.വ്യവസായത്തിന്റെനിലനിൽപ്പിനായി സർക്കാർ സഹായങ്ങളും ക്ഷേമനിധിയും ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.