സ്വന്തം ലേഖകൻ
തൃശൂർ: പാട്ടുംപാടി റിയാലിറ്റി ഷോ സമ്മാനംകൊണ്ടുപോയ യുവതാരത്തിന്റെ ശ്രുതിയും പാട്ടുമെല്ലാം നിലച്ചതായിരുന്നു. തൊണ്ടയിലെ സ്വനപേടകത്തിനു നാലു വർഷമായി പേശീ തകരാർ. സ്പെഷലിസ്റ്റ് ഡോക്ടർമാരെ പലരേയും കണ്ടു, മരുന്നു കഴിച്ചു.
ഫലമുണ്ടായില്ല. അതിവിദഗ്ധ ഡോക്ടർ ശസ്ത്രക്രിയാ പരന്പരയും വിധിച്ചെങ്കിലും ചെയ്തില്ല.ആന്ധ്രപ്രദേശിലെ ഹൈദരാബാദ് സ്വദേശി രമേഷ് റെവന്തിന്റെ പാട്ടിന് അപശ്രുതിയായ നാലുവർഷം നീണ്ട വരൾച്ച പോലെയായിരുന്നു.
പണ്ടു രമേഷ് സമ്മാനം നേടിയ റിയാലിറ്റി ഷോയിലെ ജഡ്ജിയും സംഗീതജ്ഞനുമായ എസ്.പി. ബാലസുബ്രഹ്മണ്യത്തെ വീണ്ടും യാദൃശ്ചികമായി മൈസൂരിൽ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ’തൃശൂരിൽ ഒരു പാടുംപാതിരിയുണ്ട്. അദ്ദേഹം ശബ്ദം ശരിയാക്കിത്തരും. വോക്കോളജിയിൽ വിദേശ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ വൈദികനാണ്.’
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിർദേശമനുസരിച്ച് തൃശൂരിലേക്കു വണ്ടികയറി, അച്ഛൻ കെവിഎസ് മൂർത്തിക്കും അമ്മ രമണിക്കുമൊപ്പം. തൃശൂർ മൈലിപ്പാടത്തെ ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടറും സംഗീതജ്ഞനുമായ ഫാ. ഡോ. പോൾ പൂവത്തിങ്കലിനെ അവർ കണ്ടത് തിങ്കളാഴ്ച.
പരിശോധിച്ച ഫാ. പൂവത്തിങ്കൽ രമേഷിന്റെ തൊണ്ടയിലെ പേശികളുടെ തകരാർ കണ്ടെത്തി. തൊണ്ടയിലെ പേശികളെ ബലപ്പെടുത്താൻ വെറും യോഗ വ്യായാമമുറകളാണു ചികിൽസയായി നിർദേശിച്ചത്. രമേഷിന് അവിശ്വസനീയമെന്നു തോന്നി.
എന്നാൽ വൈദികൻ സുഖപ്പെടുത്തിയവരുടെ സാക്ഷ്യങ്ങളിൽ വിശ്വസിച്ച് പൂവത്തിങ്കലച്ചൻ നിർദേശിച്ചതെല്ലാം ചെയ്തു. വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പേശികൾ ശരിയായി. ഇപ്പോൾ പാടാമെന്നായി. ശ്രുതിപ്പിഴവില്ലാത്ത പാട്ട്.
ആന്ധ്രയിലെ ഒരു ചാനൽ നടത്തിയിരുന്ന ’പാടുക, തീയഗ’ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലാണ് രമേഷ് പാടി സമ്മാനം നേടിയത്. തൊണ്ടയിലെ തകരാർമൂലം പാട്ടു നിർത്തിയ രമേഷ് ഇപ്പോൾ മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
സ്വനപേടകത്തിലെ പേശികളെ ശരിയാക്കാൻ നാലു ഘട്ടമായി ശസ്ത്രക്രിയകൾ നടത്തണമെന്നു ഡോക്ടറുടെ വിധികേട്ടപ്പോൾ മനസു തകർന്നുപോയതായിരുന്നു. ആറു ലക്ഷം രൂപ മുടക്കി ഭാഗ്യപരീക്ഷണം നടത്താൻ മടിച്ചു.
രമേഷിനും അച്ഛൻ മൂർത്തിക്കുമെല്ലാം ഇപ്പോൾ സന്തോഷം. ശസ്ത്രക്രിയയും സങ്കീർണതകളുമില്ലാതെ ശ്രുതി പിഴയ്ക്കാത്ത ശബ്ദം തിരിച്ചുകിട്ടി. അവിശ്വസനീയമായ രോഗശാന്തി എന്നാണ് അവർക്കു തോന്നുന്നത്.’പാട്ടിന്റെ പാലാഴിയിലേക്ക് തിരിച്ചു പോകണം.’ എട്ടു വർഷം കർണാടക സംഗീതം പഠിച്ച രമേഷ് പറഞ്ഞു.
ഫാ. ഡോ. പോൾ പൂവത്തിങ്കൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്നും കൊളറാഡോ യൂണിവേഴ്സിറ്റിയിൽനിന്നുമാണ് വോക്കോളജിയിൽ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് നേടിയത്.