വെറുതെയിരുന്ന് ശമ്പളം മേടിക്കാന്‍ ആരാണിഷ്ടപ്പെടാത്തത്. പക്ഷേ അങ്ങനെയൊരു ജോലി എവിടെക്കിട്ടാനാണല്ലേ. എന്നാല്‍ അങ്ങനെയൊരു ജോലി ഉണ്ട്. റഷ്യയിലെ ഉഫ ആണ് സ്ഥലം. റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കടയായ ‘എം. ഇസഡ് 5’ ഒരു ജോലിക്ക് ആളെ വിളിച്ചു. കണ്ടവര്‍ക്കെല്ലാം ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മാസം 65,000 രൂപ ശമ്പളം. ദിവസം 10 മണിക്കൂര്‍ ജോലിചെയ്യണം. ജോലി എന്താണെന്നല്ലേ. ‘സോഫ ടെസ്റ്റര്‍’ എന്നാണു തസ്തികയുടെ പേര്. കമ്പനി ഉണ്ടാക്കുന്ന വിവിധ സോഫകളില്‍ മാറിമാറി ഇരിക്കണം, കിടക്കണം. എന്നിട്ട് അതിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി വയ്ക്കണം. വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാം. 5,000 പേരാണ് ജോലിക്ക് അപേക്ഷിച്ചത്.
സ്വന്തം വിവരങ്ങളുടെ കൂടെ ‘എന്തിനാണ് നിങ്ങള്‍ക്ക് ഈ ജോലി ?’ എന്ന ചോദ്യത്തിനുകൂടി ഉദ്യാഗാര്‍ത്ഥി ഉത്തരം നല്‍കണം. അപേക്ഷകരില്‍നിന്ന് കുറച്ചുപേരെ തിരഞ്ഞെടുത്തു. പിന്നെയുമുണ്ടായിരുന്നു ചില പരീക്ഷകളും തിരഞ്ഞെടുപ്പും. അവസാന ലിസ്റ്റ് ഏഴു പേരിലേക്കായി ചുരുങ്ങി. അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ ‘അന്ന ഷെര്ദാന്റ്സെവ’ എന്ന ഇരുപത്തിയാറുകാരിയും. മാര്‍ക്കറ്റിങ് ജോലിക്കാരി ആയിരുന്നു അന്ന. ഈ ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പ് അതികഠിനമായിരുന്നുവെന്ന് അന്ന പറയുന്നു. ”എന്നെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നതുല്യമായ ജോലിയാണ്. സോഫകളെക്കുറിച്ച് വ്യത്യസ്തങ്ങളായ ഒരുപാട് ആശയങ്ങളുള്ളവളാണ് ഞാന്‍. ഞാനും സോഫകളും മാത്രമുള്ള ലോകത്ത് ഞാനത് പ്രാവര്‍ത്തികമാക്കും”-എന്ന് അന്ന പറയുന്നു. തന്നെ ഏല്പിച്ചിരിക്കുന്ന ജോലി അത്ര നിസ്സാരമൊന്നുമല്ലെന്ന് അന്നയ്ക്കറിയാം. വിവിധതരം സോഫകളില്‍ 10 മണിക്കൂര്‍ വീതം ചെലവഴിക്കുക.
സോഫകളില്‍ ഇരിക്കാം, കിടക്കാം, അതിലിരുന്ന് വ്യായാമം ചെയ്യാം, വിശ്രമിക്കാം, അതിലിരുന്നു വെറുതെ സമയംകൊല്ലുകയും ആവാം. പുതുതായി ഉണ്ടാക്കിവരുന്ന സോഫകളില്‍ കൂടുതല്‍സമയം ചെലവഴിക്കുന്ന അന്നയുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി കണക്കിലെടുത്തായിരിക്കും അടുത്ത മോഡല്‍ ഉണ്ടാക്കുക. ഇതു മാത്രമല്ല ജോലി, ഇനിമുതല്‍ അന്നയായിരിക്കും സോഫകള്‍ ഏതു സാമഗ്രികള്‍ ഉപയോഗിച്ചുവേണം നിര്‍മ്മിക്കാന്‍ എന്ന് തീരുമാനിക്കുന്നതുപോലും. ഇപ്പോള്‍ മൂന്നുമാസത്തെ പ്രൊബേഷനിലാണ് അന്ന. ഈ സമയത്ത് കമ്പനി പരിശീലനവും നല്‍കുന്നുണ്ട്. പ്രൊബേഷന്‍ കാലാവധി കഴിഞ്ഞാല്‍ സ്ഥിരം തസ്തികയായി ഇതുയര്ത്താനാണ് സാധ്യത. അന്നയുടെ കഴിവുകള്‍ പോലെയിരിക്കും കാര്യങ്ങള്‍. കൂടുതല്‍ സമയം സോഫയില്‍ െചലവഴിക്കുക, അത്രയും കൂടുതല്‍ വൈദഗ്ദ്ധ്യം നേടുക എന്നതാണ് ഇപ്പോള്‍ അന്നയുടെ ലക്ഷ്യം.