ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാം കൊലപാതകത്തിലെ അണിയറക്കഥകള്‍ പുറത്തുവരുന്നു. ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന കേസ് ഓസ്ട്രേലിയന്‍ പോലീസിന്റെ സമര്‍ഥമായ ഇടപെടലിലൂടെയാണ് തെളിയിക്കപ്പെട്ടത്. ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കുന്നത്. സോഫിയെയും കാമുകന് അരുണ്‍ കമലാസനെയും കുടുക്കിയതും ഈ സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ്.
കാമുകനുമായുള്ള സോഫിയുടെ അവിഹിത ബന്ധത്തെപ്പറ്റി പോലീസിന് സൂചന നല്‍കിയിരുന്ന അജ്ഞാത സ്ത്രീ അരുണിന്റെ ഭാര്യയായിരുന്നെന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ‘സോഫിയെ നിരീക്ഷിക്കൂ, അവള് പലതും മറയ്ക്കുന്നുണ്ട്’ എന്നായിരുന്നു പോലീസിനു ലഭിച്ച സന്ദേശം. സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പേ അരുണ്‍ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് അരുണ്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാല്‍, ഭര്‍ത്താവിനു സോഫിയുമായുള്ള അരുതാത്ത ബന്ധം ഇവരുടെ ചെവിയിലുമെത്തിയിരുന്നു. സോഫിയുമൊത്തുള്ള രഹസ്യക്കൂടിക്കാഴ്ച്ച അരുണ്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇതു കാണാനിടയായ ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ തെറ്റായ രീതിയിലുള്ള പോക്ക് ഇവര്‍ തന്റെ വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു.
സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുണ്‍ മൊഴിനല്കിയിരിക്കുന്നത്. താന്‍ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പത്തുമാസം മുമ്പു തന്നെ കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഒരു പഴുതും ഇല്ലാതെയായിരുന്നു ഒരുക്കങ്ങള്‍.
കോട്ടയത്ത് കോളജില്‍ പഠിക്കുന്ന സമയത്താണ് സോഫി സാമുമായി പ്രണയത്തിലാകുന്നത്. ഈ സമയം അവിടെ പഠിക്കാനെത്തിയ അരുണുമായുള്ള അടുപ്പവും തുടര്‍ന്നു. അരുണുമായി സോഫിക്കു സൗഹൃദമുള്ള കാര്യം അറിയാമായിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അവിഹിതം തുടക്കത്തില്‍ സാമിനും അറിയില്ലായിരുന്നു. വിവാഹശേഷം സോഫി ഓസ്ട്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷം സാമിനെയും പിന്നീട് അരുണിനെയും അവിടെയെത്തിക്കുകയായിരുന്നു.