പാലോട് : മാറാരോഗങ്ങൾ മാറ്റുമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ.
പെരിങ്ങമ്മല ഡീസന്റുമുക്ക് ജംഗ്ഷനു സമീപത്ത് ഹിസാന മൻസിലിൽ സോഫിമോൾ (43) ആണ് പിടിയിലായത്.
വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ താമസിച്ച് ആദ്യ ഭർത്താവുമൊത്ത് വിവിധയിടങ്ങളിൽ ചികിത്സ നടത്തുകയും ഭർത്താവുമായി പിണങ്ങിയശേഷം ഇവർ പല പ്രദേശങ്ങളിൽ ചികിത്സ നടത്തി വരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സോഫിയ റാവുത്തർ, വൈദ്യ ഫിയറാവുത്തർ തലശേരി എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇവർ ചികിത്സക്കായി ആളുകളെ കണ്ടെത്തിയിരുന്നത്.
തമിഴ്നാട്ടിലെ ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും കളരിമർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചായിരുന്നു പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവരുടെ തട്ടിപ്പ്.
മടത്തറയിലുള്ള സ്ഥാപനത്തിൽ ചികിത്സ നടത്തുന്നതായുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിയിലായത്.
നെടുമങ്ങാട് ഡിവൈഎസ്പി ജെ ഉമേഷ്, പാലോട് ഇൻസ്പക്ടർ സി.കെ. മനോജ്, ജിഎസ്ഐമാരായ ഇർഷാദ്, ഷിബു, എഎസ്ഐമാരായ സജു, അനിൽകുമാർ, എസ്സിപിഒ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.