മുംബൈ: സൗദി അറേബ്യ പൗരത്വം നൽകിയ ആദ്യ ഹ്യൂമനോയിഡ് റോബട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റിൽ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. വിമാനത്തിൽ ലഗേജ് വിഭാഗത്തിലാണ് സോഫിയ യാത്ര ചെയ്യുക.
ഹോങ്കോങ്ങിലെ ഹാൻസണ്‍ റോബട്ടിക്സ് കന്പനിയുടെ സ്ഥാപകൻ ഡേവിഡ് ഹാൻസണ്‍ രൂപകൽപന ചെയ്ത യന്ത്രവനിതയ്ക്ക് 50ൽ പരം ഭാവങ്ങൾ പ്രകടിപ്പിക്കാനാകും. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണു സോഫിയയെ ഡിസൈൻ ചെയ്തിരിക്കുന്നത്.
യുഎന്നിൽ സോഫിയയുടെ പ്രസംഗവും സംവാദവും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് ബിരുദദാന ഹാളിലാണ് സോഫിയയുടെ പരിപാടി. ഒരു മണിക്കൂർ നേരം സദസുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവൻ ഐഐടി ക്യാന്പസിലുണ്ടാവും. പരിപാടിയിൽ തെരഞ്ഞെടുത്ത സദസിനുമുന്നിൽ സംസാരിക്കുന്ന സോഫിയ റോബ ട്ടിനോട് ആർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ട്.
ട്വിറ്ററിൽ #AskSophia എന്ന ഹാഷ്ടാഗിൽ നിങ്ങളുടെ ചോദ്യങ്ങൾ ട്വീറ്റ് ചെയ്താൽ മതി. സോഫിയായുടെ പ്രകടനം www.techfest.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഡിസംബർ 29 മുതൽ 31 വരെയാണ് ടെക് ഫെസ്റ്റ് നടക്കുന്നത്.