മലയാളികളെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളില് ഒന്നായിരുന്നു മെല്ബണിലെ സ്വവസതിയില് സാം എബ്രഹാം എന്ന 33കാരന്റെ മരണം. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് ലോകം മുഴുവന് കരുതിയപ്പോഴും ദൈവം അവശേഷിപ്പിച്ച തെളിവുകള് കൊലയാളികളെ വെളിച്ചത്ത് കൊണ്ടുവന്നു. ജീവനു തുല്യം സ്നേഹിച്ച ഭര്ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനുള്ള സോഫിയയുടെ ശ്രമങ്ങള് അങ്ങനെ ജയിലില് ഒതുങ്ങി.
കൊല നടത്തിയ അരുണ് കമലാസനന് 27 വര്ഷം കഠിനതടവും സോഫിയയ്ക്ക് 22 വര്ഷം തടവുമാണ് കോടതി വിധിച്ചത്. പതിനെട്ട് വര്ഷം കഴിയാതെ സോഫിയയ്ക്ക് പരോള് പോലും ലഭിക്കില്ല. ഓസ്ട്രേലിയന് ജയിലില് കഴിയുന്ന സോഫിയയെ കാണാന് ഇപ്പോള് ബന്ധുക്കള് പോലും എത്താറില്ല. അരുണിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യ ബന്ധം വേര്പ്പെടുത്തി പോയി. ജയിലില് ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.
കാമുകനൊപ്പം ജീവിതം ആഘോഷിക്കാനിറങ്ങിയ സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള് ലഭിക്കുന്ന വിവരങ്ങള്. പലപ്പോഴും അസാധാരണ രീതിയില് പെരുമാറുന്ന സോഫിയ ഇപ്പോള് ജയിലിലെ മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്. പലപ്പോഴും സെല്ലിലിരുന്ന് കരയുകയും പിച്ചുംപേയും പറയുകയും ചെയ്യുന്ന സോഫിയ പതിയെ വിഷാദേരാഗത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവരെ അടുത്തിടെ സന്ദര്ശിച്ച ജീവകാരുണ്യ പ്രവര്ത്തകന് പറയുന്നു. എന്നാല് അരുണിന്റെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവില്ല.
2015 ഒക്ടോബര് 14 നു രാവിലെയായിരുന്നു പുനലൂര് സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ (33) മെല്ബണിലെ എപ്പിങ്ങിലുള്ള വസതിയില് മരിച്ച നിലയില് കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് എല്ലാവരും കരുതിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില് കാണുകയായിരുന്നു എന്നാണ് സോഫിയ പോലീസിനെ അറിയിച്ചത്.
ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് സയനൈഡ് ഉള്ളില് ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമായതോടെ മാസങ്ങള് നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പോലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്. മെല്ബണിലെ നിയമപരമായ നടപടിക്രമങ്ങള്ക്കു ശേഷം സാമിന്റെ മൃതദേഹം സ്വദേശമായ കൊല്ലം പുനലൂരില് കൊണ്ടുപോയി അന്ത്യകര്മ്മങ്ങള് നടത്തുകയും ചെയ്തു.
സാമിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് നിന്ന് ഇതൊരു കൊലപാതകമാണെന്ന് സംശയം തോന്നിയ വിക്ടോറിയ പോലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്ക്കു ശേഷമാണ് ഓസ്ട്രേലിയന് പോലീസിന് അജ്ഞാത ഫോണ് സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള് നിരീക്ഷിച്ചാല് കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.
ഭര്ത്താവ് മരിച്ചു ദിവസങ്ങള് കഴിയും മുന്പേ സോഫിയുടെ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില് കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ് സംഭാഷണമെത്തിയത്. ഭര്ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന് അരുണ് കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.