തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ സോഫി മോൾ എന്ന വ്യാജവനിതാ ഡോക്ടർ തലശേരി കേന്ദ്രീകരിച്ചും ചികിത്സ നടത്തിയതായി കണ്ടെത്തൽ.
തലശേരി ഒ.വി. റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്.
മാറാരോഗങ്ങൾക്ക് ചികിത്സയെന്ന പേരിലായിരുന്നു തലശേരിയിൽ ചികിത്സ നടത്തിപ്പോന്നത്.
ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം പ്രകടിപ്പിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇവരുടെ ചികിത്സയെത്തുടർന്ന് മാറാരോഗം മാറിയതായി നവമാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തെ തുടർന്ന് നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയിരുന്നു.
അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാരീതികൾ. ഇവർ അറസ്റ്റിലായതോടെ തലശേരിയിൽ ചികിത്സ തേടിയവർ ആശങ്കയിലാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും മാറാരോഗങ്ങൾ മാറ്റുമെന്ന് പരസ്യം നൽകിയായിരുന്നു ചികിത്സ നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആദ്യ ഭർത്താവുമൊത്തായിരുന്നു ആദ്യകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ചികിത്സ നടത്തിയിരുന്നത്.
ഇപ്പോൾ ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് സ്വന്തമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തിവരവെയാണ് അറസ്റ്റിലായത്.