സ്വന്തം ലേഖകൻ
തലശേരി: വ്യാജ ചികിത്സയെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വ്യാജ വനിത ഡോക്ടറെ രക്ഷിക്കാൻ രാഷ്്ട്രീയക്കാർ രംഗത്തെത്തിയതായി റിപ്പോർട്ട്.
തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തി വന്ന തിരുവനന്തപുരം നെടുമങ്ങാട്പെരിങ്ങമല വില്ലേജിൽ ഡിസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫിയ മോളുടെ രക്ഷയ്ക്കാണ് രാഷ്ട്രീയക്കാർ എത്തിയ വിവരം പുറത്തു വന്നത്.
പത്താം ക്ലാസ് വിദ്യഭ്യാസമുള്ള സോഫിയ മോളുടെ ചികിത്സയെ തുടർന്ന് പുതിയതെരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കണ്ണൂർ ചിറക്കൽ മൂപ്പൻപാറ കക്കറയിൽ വീട്ടിൽ ബാലകൃഷ്ണൻ (52) മരിച്ചിരുന്നു.
ഈ സംഭവത്തിലാണ് ഭരണകക്ഷിയിലെ നേതാക്കൾ ഉൾപ്പെടെയുള്ളവർ വ്യാജ വനിത ഡോക്ടറെ രക്ഷിക്കാൻ രംഗത്തെത്തിയത്.
അഞ്ചുമാസം നീണ്ട വൻ തുക ചിലവാക്കിയുള്ള വ്യാജ ചികിത്സക്ക് ശേഷം 2020 സെപ്റ്റംബർ 24 ന് കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ബാലകൃഷണൻ മരിച്ചത്.
തുടർന്ന് ബാലകൃഷ്ണന്റെ ബന്ധുക്കൾ തലശേരി കീർത്തി ആശുപത്രിയിൽ എത്തി മാനേജ്മെന്റിനോട് പരാതി പറഞ്ഞിരുന്നു.
തുടർന്ന് സംഭവം പോലീസിന്റെ ശ്രദ്ധയിൽ വരികയും ചെയ്തു. വിവരമറിഞ്ഞ് തലശേരിയിലെ ചില നേതാക്കൾ ഉൾപ്പെടെയുള്ളവർ രക്ഷക്കെത്തുകയായിരുന്നു.
വ്യാജ വനിത ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചിറക്കലിലെ ഭരണ കക്ഷിയിലെ പ്രദേശിക നേതാക്കളുമായി ബന്ധപ്പെട്ട ഇവർ കേസിന് പോകരുതെന്നും വനിത ഡോക്ടറെ കൊണ്ട് വേണ്ടത് ചെയ്തു തരാമെന്നും വാഗ്ദാനം നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഒരു സഹായവും കുടുംബത്തിന് ലഭിച്ചില്ല.
ഇപ്പോൾ വ്യാജ ഡോക്ടർ തിരുവനന്തപുരത്ത് അറസ്റ്റിലായ വിവരം അറിഞ്ഞതിനെ തുടർന്ന് ബാലകൃഷണന്റെ ഭാര്യ നൽകിയ പരാതിയിലാണ് തലശേരി പോലീസ് സോഫിയ മോൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് കീർത്തി ആശുപത്രി അധികൃതരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ മരിച്ച ബാലകൃഷണന്റെ ഭാര്യ നിഷയുടെ വിശദമായ മൊഴിയും രേഖപെടുത്തും.
നിലവിൽ തിരുവനന്തപുരത്ത് റിമാൻഡിൽ കഴിയുന്ന സോഫിയ മോളുടെ അറസ്റ്റ് ജയിലിൽ വെച്ച് കോടതിയുടെ അനുമതിയോടെ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
സി ഐ ഗോപകുമാർ, എസ്ഐ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വഷിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തലശേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.