ചെറുതോണി: ഇടുക്കി കൊന്നത്തടിക്കു സമീപം 41 വർഷം മുന്പു നരബലി ഇന്നും മുതിർന്നവരുടെ മനസിൽ മായാതെയുണ്ട്.
സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവം നടന്നത് ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിലാണ്. 1981 ഡിസംബർ 17നായിരുന്നു നാടിനെ നടുക്കിയ സംഭവം.
കുളമാവ് മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകളായിരുന്നു സോഫിയ.
ഈ യുവതിയെയാണ് നിധി ലഭിക്കാൻ ഭർത്താവ് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനും വീട്ടുകാരും ചേർന്നു ഹനുമാൻ പ്രീതിക്കെന്ന പേരിൽ കൊലപ്പെടുത്തി വീട്ടിലെ മുറിയിൽ കുഴിച്ചിട്ടത്.
ഭർത്താവ് മോഹനൻ, ഭർതൃമാതാപിതാക്കളായ കറുപ്പൻ, രാധ, മോഹനന്റെ സഹോദരങ്ങളായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്ക്കരൻ എന്നിവർ ചേർന്നു കൃത്യം നടത്തിയെന്നായിരുന്നു പരാതി.
നിധി തേടി
നരബലി നടത്തിയാൽ കോടിക്കണക്കിനു രൂപയുടെ നിധി കിട്ടുമെന്നു മന്ത്രവാദി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ശിക്ഷ കഴിഞ്ഞിറങ്ങി. ഉണ്ണി ശിക്ഷ പൂർത്തിയാവും മുൻപേ ജയിലിൽ മരിച്ചു.
ബാക്കിയുള്ളവർ അടിമാലിയിലാണ് ഇപ്പോൾ താമസം. വനത്തിൽനിന്ന് ഇൗറ്റവെട്ടിക്കൊണ്ടുവന്നു പനമ്പും കുട്ടയും നെയ്തു വിൽക്കുന്ന ജോലിയായിരുന്നു മോഹനനും കുടുംബത്തിനും.
ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ മോഹനൻ ഈറ്റവെട്ടാൻ ചെന്നപ്പോഴാണ് സോഫിയെ പരിചയപ്പെട്ടതും പനംകൂട്ടിയിൽ കൊണ്ടുവന്ന് ഒന്നിച്ചു താമസിക്കുന്നതും.
പൂജ നടത്തി നരബലി കഴിച്ചു വീടിന്റെ നടുമുറിയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുക്കുന്ന വിവരമറിഞ്ഞു വൻ ജനാവലിയാണ് സ്ഥലത്തു തടിച്ചുകൂടിയത്.
മുരിക്കാശേരി പോലീസ് പരിധിയിലായിരുന്നു അന്നു പനംകൂട്ടി. അടിമാലി സർക്കിൾ ഇൻസ്പെക്ടറായിരുന്ന സാമുവൽ, മുരിക്കാശേരി എസ്ഐ ജോസഫ് തോമസ്, ദേവികുളം സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്