ആലപ്പുഴ: സംസ്ഥാനത്ത് കെട്ടിടനിർമാണത്തിന് ഓണ്‍ലൈനായി അനുമതി നേടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ സ്വതന്ത്ര സോഫ്റ്റ് വെയറുകളെ ഒഴിവാക്കാൻ നീക്കം. അപേക്ഷ നല്കി മണിക്കൂറുകൾക്കുള്ളിൽ പെർമിറ്റ് ലഭ്യമാക്കുന്നതിനു ഐബിപിഎംഎസ് (ഇന്റലിജൻസ് ബിൽഡിംഗ് പെർമിറ്റ് മോണിറ്ററിംഗ് സ്കീം) എന്ന പേരിൽ നിലവിൽ ഉപയോഗത്തിലുള്ള സങ്കേതമെന്ന സോഫ്റ്റ് വെയറിന് പകരമായി അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കന്പനിയുടെ സോഫ്റ്റ് വെയർ ഓണ്‍ലൈൻ ബിൽഡിംഗ് പെർമിറ്റിന് നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.
വ്യവസായ വകുപ്പിന് കീഴിലുള്ള ഐടിമിഷനാണ് സോഫ്റ്റ് വെയർ മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ലെൻസ്ഫെഡ് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ 20,000 രൂപമുതൽ 30,000 രൂപ വരെ വിലയുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചു സങ്കേതമെന്ന സോഫ്റ്റ്വെയറിലൂടെ കെട്ടിടങ്ങളുടെ പ്ലാനുകൾ സമർപ്പിച്ച് നിർമാണ അനുമതി വാങ്ങാൻ കഴിയൂം.
എന്നാൽ പുതിയ സോഫ്റ്റ്വെയർ ഉപയോഗത്തിൽ വരുന്നതോടെ ഏകദേശം ഒന്നര ലക്ഷത്തിലധികം വിലയുള്ള അമേരിക്കൻ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ മേഖലയിൽ തൊഴിലെടുക്കുന്നവർ നിർബന്ധിതരാകുമെന്നാണ് സോഫ്റ്റ്വെയറിനെ എതിർക്കുന്നവർ പറയുന്നത്. സ്ഥാനത്ത് 20,000ത്തിലധികമാളുകളാണ് കെട്ടിടനിർമാണ രൂപരേഖ തയാറാക്കൽ, പെർമിറ്റ് വാങ്ങി നൽകൽ തുടങ്ങിയ ജോലികൾ ലൈസൻസോടെ ചെയ്തുവരുന്നത്.
രാജ്യത്ത് ലഭ്യമായ 28 ഓളം സ്വതന്ത്ര സോഫ്റ്റ് വെയറുകളിൽ ഉപയോഗസൗകര്യം നോക്കി തെരഞ്ഞെടുത്താണ് നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ഉപയോഗിച്ചു വരുന്നത്. സർക്കാർ സോഫ്റ്റ് വെയർ സംബന്ധിച്ച തീരുമാനം നടപ്പാക്കുകയാണെങ്കിൽ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും തൊഴിൽ രഹിതരാകുമെന്നതാണ് അവസ്ഥ. വർഷങ്ങൾക്കുമുന്‍പ് സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പിഡിസിആർ എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങിയെങ്കിലും പ്രതിഷേധം മൂലം പ്രാവർത്തികമായിരുന്നില്ല.
കുത്തക സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിനൊപ്പം സ്വതന്ത്ര സോഫ്റ്റ് വെയറുകൾ കൂടി ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ലെൻസ് ഫെഡിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ചു മന്ത്രിമാർക്കടക്കം നിവേദനങ്ങളും നൽകിയിട്ടുണ്ട്.