സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വരുന്ന അമിത ചാര്‍ജ് മലയാളികളെ വലയ്ക്കുമെന്ന് സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. വിനോദനികുതി ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സോഹന്‍ റോയ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
സോഹന്‍ റോയിയുടെ പോസ്റ്റ് ഇങ്ങനെ…
Entertainment Tax ഏര്‍പ്പെടുന്നതിനെ പറ്റി നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ നിവൃത്തിയില്ല. അതിനാല്‍ സിനിമാ പ്രേക്ഷകരുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു.ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തില്‍ GST നടപ്പായപ്പോള്‍. 100 രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു. സാര്‍വദേശീയമായി ഈ നിരക്കുകള്‍ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്മെന്റ് നിരക്കുകള്‍ യഥാക്രമം 12% ഉം 18% ഉം ആയി വെട്ടിക്കുറച്ചു. ഒട്ടുമിക്ക തിയേറ്ററുകളിലും സാധാരണ ടിക്കറ്റിന് 100 രൂപ അടിസ്ഥാന വിലയും 12 രൂപ GST യും 1 രൂപ പ്രളയ സെസും ചേര്‍ത്ത് 113 രൂപയാണ്.
എന്നാലിപ്പോള്‍ സംസ്ഥാന ഗവണ്മെന്റ് ദശാബ്ദങ്ങള്‍ പഴക്കമുള്ള തദ്ദേശ സ്വയംഭരണച്ചട്ടം ചൂണ്ടിക്കാട്ടി 100 രൂപ വരെ അടിസ്ഥാന വിലയുള്ള ടിക്കറ്റിന് 5% ഉം അതിന് മുകളിലുള്ള ടിക്കറ്റിന് 8.5% ഉം Entertainment Tax പിരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണ്. പ്രേക്ഷകനും സിനിമാശാലകള്‍ക്കും ഇതു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ പറയാം. GST കൗണ്‍സിലിന്റെ അനുമതിയില്ലാത്ത പണപ്പിരിവ് ആയതിനാല്‍ പ്രേക്ഷകന് പുതിയ Entertainment Tax നും കൂടി GST കൊടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. അതിലുപരിയായി 100 രൂപ ടിക്കറ്റിന് 5% Entertainment Tax കൂട്ടുന്നതോടെ അടിസ്ഥാന നിരക്ക് 105 രൂപ ആയിമാറുന്നു.അങ്ങിനെ ആ ടിക്കറ്റിന് (100 രൂപയില്‍ കൂടിയതിനാല്‍) 12 ശതമാനത്തിന് പകരം ലക്ഷ്വറി നിരക്കായ 18% GST കൊടുക്കാന്‍ കൂടി നിര്‍ബന്ധിതമാകുന്നു.
അതായത് ഫലത്തില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് ഭേദമില്ലാതെ ഇപ്പോഴത്തെ 113 രൂപക്ക് പകരം അടിസ്ഥാന നിരക്ക് 100 രൂപയും Entertainment Tax 5 രൂപയും GST 19 രൂപയും പ്രളയ സെസ് 1 രൂപയും ചേര്‍ത്ത് ആകെമൊത്തം 125 രൂപ! ഈ അമിത നികുതിഭാരം പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റുമെന്നതില്‍ യാതൊരു സംശയവുമില്ല. ഈ അധികം പിരിക്കുന്ന 12 രൂപയില്‍ ചില്ലിക്കാശ് പോലും ചിത്രത്തിന്റെ നിര്‍മ്മാതാവിനോ, വിതരണക്കാരനോ, തിയേറ്റര്‍ ഉടമകള്‍ക്കോ ലഭിക്കുന്നില്ല എന്നതുകൂടി വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ക്കും ആനുപാതികമായുള്ള വര്‍ദ്ധനവുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, GST വന്നതോട് കൂടി നികുതിനഷ്ടം ഉണ്ടായി, അതിനാല്‍ ആ നഷ്ടം നികത്തുവാനായി Entertainment Tax ഏര്‍പ്പെടുത്തേണ്ടി വരുന്നു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ വസ്തുതയെന്താണെന്നു വെച്ചാല്‍ GST നിലവില്‍ വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിലുണ്ടാകുന്ന വര്‍ഷാവര്‍ഷമുള്ള ഏറ്റക്കുറച്ചിലുകള്‍ GST കൗണ്‍സില്‍ പരിഹരിക്കുന്നുണ്ടെന്ന് വിവരാവകാശ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് GST ഏര്‍പ്പെടുത്തിയത് കൊണ്ട് സംസ്ഥാന ഗവണ്മെന്റിന് പ്രത്യേകിച്ച് യാതൊരു വരുമാന നഷ്ടവും ഉണ്ടായിട്ടില്ലെന്ന് സാരം. അതിനാല്‍ സിനിമാവ്യവസായത്തെ പിന്നോട്ട് വലിക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടതുണ്ട്.