നിശാന്ത് ഘോഷ്
കണ്ണൂർ: നിസാര കാര്യങ്ങൾക്കു പോലും മോട്ടോർ വാഹന വകുപ്പ് പതിനായിരങ്ങൾ വരെ പിഴ ഈടാക്കി വാഹന ഉടമകളെ പിഴിയുകയാണെന്നും സർക്കാർ ഖജനാവ് നിറയക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പോസ്റ്റിനെതിരേ വാഹന വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധന വാഹനത്തിന്റെയും ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ശബ്ദ സന്ദേശത്തിലാണ് മോട്ടോർ വാഹന വകുപ്പ് വൻ തുക ഈടാക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നത്.
ഖജനാവ് നിറയക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ കമ്മീഷൻ വ്യവസ്ഥയിലാണ് പിഴ ഈടാക്കാൻ നിർദേശമെന്നും ശബ്ദസന്ദേശത്തിൽ ആരോപിച്ചിരുന്നു. പിഴയുടെ 30 ശതമാനം ഉദ്യോഗസഥർക്കും 70 ശതമാനം സർക്കാരിനുമാണെന്ന രീതിയിലാണ് സന്ദേശം.
എന്നാൽ ഇത്തരം കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാധാരണ നിലയിലുള്ള വാഹന പരിശോധനയും അതിനനുസരിച്ചുള്ള പിഴയും മാത്രമാണ് ഈടാക്കുന്നുള്ളൂവെന്നും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് രാഷ്ട്രദീപികയോട് പറഞ്ഞു.
ശബ്ദസന്ദേശത്തിൽ പറയുന്നതു പോലെ ഗിയർ നോബ് മാറ്റിയിടുന്നതിനും, വാഹനത്തിൽ സ്റ്റിക്കർ പതിച്ചതിനും സാധാരണ അലോയ് വീലുകൾ സ്ഥാപിച്ചതിനും വാഹനത്തിന്റെ മുകൾ ഭാഗത്ത് കറുത്ത പെയിന്റടിച്ചതിനും ആന്റിന ഘടിപ്പിച്ചതിനൊന്നും മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നില്ല.
എന്നാൽ മറ്റു വാഹനങ്ങൾക്കും ജീവനും ഭീഷണിയാകുന്ന തരത്തിൽ പൂർണമായ രീതിയിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകും.
ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഒരു വാഹനത്തിനെതിരേ ഏതാനും മാസം മുന്പ് 40,000 രൂപ പിഴ വിളിച്ചിരുന്നു.
നേരത്തെ വാഹന പരിശോധന നടത്തുന്പോൾ രസീത് എഴുതി നൽകുന്നതിനു പകരം ഇപ്പോൾ ഇ-പോസ് മെഷീനിലൂടെ രസീത് നൽകുകയാണ്.
ഇതു പോലും തെറ്റായ രീതിയിൽ വലിയ പിഴ ഈടാക്കുന്നുള്ള സംവിധാനമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും രാജീവ് പുത്തലത്ത് പറഞ്ഞു.