മലപ്പുറം: ഓരോ ലോകകപ്പെത്തുമ്പോഴും ഫുട്ബോൾ ആരാധകർ സോക്കർ ചലച്ചിത്രങ്ങളെ നെഞ്ചിലേറ്റാറുണ്ട്. റഷ്യൻ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഫുട്ബോൾ പ്രമേയമായ ക്ലാസിക് സിനിമകളുടെ ചലച്ചിത്രോത്സവം ഒരുക്കാനുള്ള അണിയറയിലാണ് നമ്മുടെ നാട്ടിലെ ഫുട്ബോൾ ക്ലബ്ബുകളും ഫിലിം സൊസൈറ്റികളും.
ഫുട്ബോളിന്റെ മെക്കയായ മലപ്പുറത്തെ കഥകളാണ് അടുത്തിടെ സിനിമാ പ്രേമികളുടെ ഉള്ളം നിറയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയ മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് ഫുട്ബോളിനെ സ്നേഹിക്കുന്നവരെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.
മൊഹ്സിൻ പരാരിയുടെ കെഎൽ പത്ത്, വി.പി. സത്യന്റെ ജീവിതകഥ പറഞ്ഞ പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ, സക്കരിയ മുഹമ്മദ് അണിയിച്ചൊരുക്കിയ സുഡാനി ഫ്രം നൈജീരിയ എന്നിവ ഫുട്ബോൾ ചിത്രങ്ങൾ കേരളത്തിൽ പച്ചപിടിക്കില്ലെന്ന പേരുദോഷം മാറ്റിക്കൊടുത്തു.
പൃഥ്വിരാജിന്റെ ബ്യൂട്ടിഫുൾ ഗെയിം, ഐ.എം.വിജയന്റെ ബയോപിക് സിനിമയായ നിവിൻ പോളി അഭിനയിക്കുന്ന ചിത്രം, ഒരു സംഘം യുവാക്കൾ അണിയിച്ചൊരുക്കുന്ന ക്യൂബൻകോളനി എന്നിവ പൂർത്തിയാവാനുള്ള ചിത്രങ്ങളാണ്.
വൈവിധ്യമാർന്ന സംസ്കാരങ്ങൾ പ്രമേയമായ സോക്കർ ചിത്രങ്ങളിൽ അധിനിവേശവിരുദ്ധ പോരാട്ടങ്ങളും രാഷ്ട്രീയവും സംഗീതവും പ്രണയവും എല്ലാം ഫുട്ബോളിന്റെ ഭാഗമാകുന്നു.ഫുട്ബോൾ സിനിമകൾ രണ്ടു തരത്തിലുണ്ട്. താരത്തെയോ ടീമിനെയോ കുറിച്ചുള്ള ഡോക്യുമെന്ററികൾ, ഫീച്ചർ സിനിമകൾ. പെലെ, മാറഡോണ പോലുള്ള ബയോപിക് ചിത്രങ്ങൾ എന്നിവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ജനപ്രിയ സാംസ്കാരിക അടയാളമായി സോക്കർ സിനിമകൾ അറുപതുകളുടെ അവസാനത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. യൂറോപ്യൻ സിനിമകളിലും ലാറ്റിനമേരിക്കൻ സിനിമകളിലും ഫുട്ബോളിന്റെ സിനിമാഭാഷ മുൻപ് തന്നെ ഏറ്റെടുത്തുതുടങ്ങിയിരുന്നു.
ജോഷി സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ആസിഫ് അലി തുടങ്ങിയവർ അഭിനയിച്ച ‘സെവൻസ്’ മലബാറിലെ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. കമൽ സംവിധാനം ചെയ്തു രജിത് മേനോൻ അഭിനയിച്ച ‘ഗോൾ’ സ്കൂളിലെ ഫുട്ബോൾ ടൂർണമെന്റ് പശ്ചാത്തലമായ സിനിമയാണ്. ഡോ. ജനാർദനൻ സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച ‘മഹാസമുദ്രം’ കടലോരവാസികളുടെ ഫുട്ബോൾ കഥയാണ് പറഞ്ഞുവച്ചത്.
ആർ. ശരത് സംവിധാനം ചെയ്ത ‘സ്വയം’ എന്ന ചിത്രത്തിലും ഫുട്ബോൾ കടന്നുവരുന്നുണ്ട്. എ.ബി. രാജ് സംവിധാനം ചെയ്തു പ്രേംനസീർ അഭിനയിച്ചു 1973ൽ പുറത്തിറങ്ങിയ ‘ഫുട്ബോൾ ചാമ്പ്യൻ’ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള വൈരത്തിന്റെ കഥ പറയുന്നു. മോഹൻലാൽ അഭിനയിച്ച ‘ഫുട്ബോൾ’ എന്ന ചിത്രം 1982ൽ പുറത്തിറങ്ങിയിട്ടുണ്ട്.
ജമേഷ് കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ‘ബ്യൂട്ടിഫുൾ ഗെയിം’ എന്ന പൃഥ്വിരാജ് ചിത്രം അണിയറയിലാണ്. മലപ്പുറത്തിന്റെ ഫുട്ബോൾ പ്രണയം പ്രമേ യമാക്കി മധു ജനാർദനൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. കാലോഹരിണ്, ഒരു നാട് കളി കാണുന്നു എന്നീ ഡോക്യുമെന്ററികളും സോക്കർ ഫിലിം ഫെസ്റ്റിവലുകളിൽ സ്ഥിരം സാന്നിധ്യമാണ്.
കഭി അൽവിദ ന കഹ്ന എന്ന ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാൻ ഫുട്ബോൾ കളിക്കാരനാണ്. ജോണ് ഏബ്രഹാം പ്രഖ്യാപിച്ച ഫുട്ബോൾ സിനിമയാണ് ‘1911’. പെനാൽറ്റി എന്ന പേരിൽ മലയാളത്തിലും ഹിന്ദിയിലും ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഗോവയുടെ ഫുട്ബോൾ ചരിത്രം പറയുന്ന സിനിമയാണ് ടിങ്കി ജോർജ് സംവിധാനം ചെയ്യുന്ന ‘ഗ്ലോറി’. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സയേ (2004), ജയം രവി ഫുട്ബോളറായി അഭിനയിച്ച സിനിമ ദാസ് എന്നിവയാണ് മറ്റു സൗത്ത്യൻഇന്ത്യൻ ഭാഷകളിൽ അടുത്തകാലത്ത് ഇറങ്ങിയ ഫുട്ബോൾ ചിത്രങ്ങൾ.
ലോകകപ്പ് ജ്വരത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ടിബറ്റൻ അഭയാർഥികളുടെ കഥ പറയുന്ന ‘ദ കപ്പ്’(1999), ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇറാനിയൻ യുവതികളുടെ കഥ പറയുന്ന ‘ഓഫ് സൈഡ്’(2006), ഫുട്ബോളിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഹംഗേറിയൻ സിനിമയായ ‘ടു ഹാഫ് ടൈംസ് ഇൻ ഹെൽ’ (1962) എന്നിവ സോക്കർ ചിത്രങ്ങളിൽ വിസ്മരിക്കാനാവാത്തവയാണ്.
കാൽപന്തുകളിയുടെ സൗന്ദര്യം തിരശീലയിൽ അനുഭവപ്പെടുത്തുന്ന ഒരു ക്രൈംത്രില്ലറാണ് ‘ദ റ്റൂ എസ്കോബാർസ്’. ലോകചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയ ഇന്തോനേഷ്യൻ ചിത്രമാണ് ‘ഗരുഡ ഇൻ മൈ ഹാർട്ട്’. കളിക്കാരനാകാൻ കൊതിച്ച 12 വയസുകാരൻ ബായുവിന്റെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.
ചില സോക്കർ സിനിമകൾ
ആഴ്സണൽ സ്റ്റേഡിയം മിസ്റ്ററി (1939), ഗോൾഡൻ വിഷൻ (1968), എസ്കേപ്പ് ടു വിക്ടറി (1981), ഗ്രിഗറീസ് ഗേൾ (1981), ദോസ് ഗ്ലോറി ഗ്ലോറി ഡെയ്സ് (1983), ദ മിറക്കിൾ ഓഫ് ദ ബേർണർ(2003), ദ സോൾ ഓഫ് ബ്രസീലിയൻ ഫുട്ബോൾ (2005), നെക്സ്റ്റ് ഗോൾ വിൻസ് (2014), റൂഡി(1993), ദ ഗ്രേറ്റ് ഗെയിം(1930), യുണൈറ്റഡ് (2011), ദ ഡാം യുണൈറ്റഡ് (2009), കിക്കിംഗ് ഇറ്റ് (2008), ദ അദർ ഫൈനൽ (2003), കിക്കിംഗ് ആൻഡ് സ്ക്രീമിംഗ് 2005), ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം (2002), ഗോൾ ദ ഡ്രീം ബിഗിൻസ് (2005), ദ ഫുട്ബോൾ ഫാക്ടറി (2004), ദ മിറക്കിൾ ഓഫ് ബെർണർ (2003), ദ ഗെയിം ഓഫ് ദെയർ ലിപ്സ്, റെയ്സ് ഓഫ് ദ ഫ്രൂട്ട് ലോൾജിയർ (2007), ഷീസ് ഈസ് ദ മാൻ (2006), ബിലീവ്(2013), യുണൈറ്റഡ്(2011), ഹൌ ഹെയ്സൽ ചേഞ്ച്ഡ് ഫുട്ബോൾ (2005), ഗ്രീൻ സ്ട്രീറ്റ് ഹൂളിഗൻസ്(2005), ഫീവർ പിച്ച് (1997), പെലെ ബെർത് ഓഫ് ലെജൻഡ്(2016), എ ഷോട്ട് അറ്റ് ഗ്ലോറി (2002), ലുക്കിംഗ് ഫോർ എറിക് (2009).
രഞ്ജിത് ജോണ്