വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളുണ്ടാകാഞ്ഞതിനെത്തുടര്ന്നാണ് ഹൈദരാബാദ് സ്വദേശി സോളമന് രാജും ഭാര്യയും ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. 1992ലായിരുന്നു വിവാഹം. അതിനുശേഷം ചെന്നൈയിലേക്ക് താമസം മാറ്റി. അതുപക്ഷെ, ഒരിക്കലും ഒരു ‘ബേബി ഷോപ്പിങ്ങ്’ ആയിരിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. താമസിക്കാന്‍ വീടില്ലാത്ത, വീടും കരുതലും ആവശ്യമുള്ള ഒരു കുഞ്ഞിനെയാവും ദത്തെടുക്കുന്നത് എന്നും ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് എച്ച്ഐവി ബാധിതരായ കുഞ്ഞിനെ ദത്തെടുക്കാം എന്ന് സോളമന് ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ, എച്ച് ഐ വി-യെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ ഉണ്ടായ സമയമായിരുന്നു അത്.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞതോടെ സോളമനും ഭാര്യയ്ക്കും കുട്ടികള്‍ ജനിച്ചു. അതുകൊണ്ട് തന്നെ ദത്തെടുക്കുക എന്നത് ഇരുവരും താല്‍ക്കാലികമായി മറന്നു. പക്ഷെ, ആ കുഞ്ഞുങ്ങള്‍ക്കായി താന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന കുറ്റബോധം അയാളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, സോളമന് സാമൂഹിക സേവനത്തില്‍ സജീവമായി.
അങ്ങനെയിരിക്കെ, 2005 -ലാണ് നൂറി എന്ന ട്രാന്‍സ് വുമണുമായി സോളമന് പരിചയപ്പെടുന്നത്. ഒരു എന്‍ ജി ഒ നടത്തുകയായിരുന്നു അവര്‍. അങ്ങനെയാണ് നൂറി സോളമനോട് പറയുന്നത്. എന്റെ അടുത്ത് ഒരു കുഞ്ഞുണ്ട് അവന് എച്ച്ഐവി പൊസിറ്റീവ് ആണെന്ന്. പക്ഷെ, സോളമന് സംശയമുണ്ടായിരുന്നു. കാരണം, സോളമന് കുഞ്ഞ് ജനിച്ചു. മാത്രവുമല്ല ഒരു കുഞ്ഞിനെ കൂടി നോക്കാനോ പഠിപ്പിക്കാനോ ഒന്നുമുള്ള സാമ്പത്തികാവസ്ഥയുമായിരുന്നില്ല. പലപല ഓര്‍ഗനൈസേഷനുകളെ സമീപിച്ചുവെങ്കിലും പലരും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയായിരുന്നു. എങ്കിലും സോളമന് ആ കുഞ്ഞിനെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു.
ആ സമയത്ത് അര്‍പ്പുതയ്ക്ക് വെറും ആറ് വയസ്സായിരുന്നു പ്രായം. തന്റെ വീട്ടിലുള്ള എല്ലാവരേയും മരണം തട്ടിയെടുത്തത് ഈ എച്ച്ഐവി കാരണമാണ് എന്ന് അവന് സോളമനോട് പറഞ്ഞു. അങ്ങനെ സോളമന് അര്‍പ്പുതത്തെ ദത്തെടുത്തു. ഇന്ന് എച്ച്ഐവി ബാധിതരായ 45 കുട്ടികള്‍ക്ക് അപ്പയാണ് സോളമന്. ഒരു നോണ്‍ പ്രോഫിറ്റ് ഓര്ഗനൈസേഷന് സോളമന് നടത്തുന്നു. അര്‍പ്പുതത്തെ ദത്തെടുത്ത ആദ്യ നാളുകള്‍ ഒട്ടും എളുപ്പമായിരുന്നില്ല. സോളമനും ഭാര്യയും ജോലിക്ക് പോയിക്കഴിഞ്ഞാല്‍ വീട്ടുകാര്‍ അവരുടെ സ്വന്തം മക്കളെ നോക്കും. പക്ഷെ, എച്ച് ഐ വി ബാധിച്ചതിന്റെ പേരില്‍ അര്‍പ്പുതത്തെ മാറ്റിനിര്‍ത്തും. സോളമനും ഭാര്യയും വരുന്നതുവരെ അവനെ ഒരു മുറിയില്‍ പൂട്ടിയിട്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
അത് അര്പ്പുത്തതിന്റെ മാനസിക ശാരീരികാരോഗ്യത്തേയും ബാധിച്ചിരുന്നു. ഏറെക്കുറെ മരിക്കാറായ പോലെയായിരുന്നു ആ കുഞ്ഞ്. അങ്ങനെ സോളമന് കുഞ്ഞിനെ ഓഫീസില്‍ കൊണ്ടുപോയിത്തുടങ്ങി. ആദ്യമൊക്കെ എല്ലാം സാധാരണ പോലെ തന്നെയായിരുന്നു. എല്ലാവരും സോളമനെ മദര്‍ തെരേസയോടൊക്കെ ഉപമിച്ചു. പക്ഷെ, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറി. ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അര്‍പ്പുതം ഓഫീസില്‍ എല്ലായിടത്തും ഓടിനടന്നു തുടങ്ങി. എല്ലാവരോടും സംസാരിക്കും. അവരപ് ഉപയോഗിക്കുന്ന പാത്രം, ഗ്ലാസ് ഒക്കെ ഉപയോഗിക്കും. അതേ ടോയിലെറ്റുകളുപയോഗിക്കും. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിടത്തു നിന്നും ഓരോരുത്തരായി അര്പ്പുതത്തോട് അകലം പാലിച്ചു തുടങ്ങി. പലരും ലീവെടുത്തു.
അങ്ങനെ സോളമന് ജോലി ഉപേക്ഷിച്ചു. അര്‍പ്പുതത്തിന് ഒരു കൂട്ടിനായി എച്ച് ഐ വി ബാധിതനായ ഒരു കുഞ്ഞിനെ കൂടി ദത്തെടുക്കാന്‍ അയാള്‍ തീരുമാനിച്ചു. അതിനായി നൂറിയെത്തന്നെ വിളിച്ചു സോളമന്. ”ദൈവമേ, ഞാന്‍ നിങ്ങളെ കുറിച്ച് ഓര്‍ത്തതേ ഉള്ളൂ… നിങ്ങള്‍ ശരിക്കും ദൈവത്തെ പോലെയാണ്. എച്ച് ഐ വി ബാധിച്ച ഒരു കുട്ടി കൂടി വന്നുചേര്‍ന്നിട്ടുണ്ട്. അവന്റെ അമ്മ മരിച്ചു. ഞങ്ങളിപ്പോള്‍ ദഹിപ്പിച്ചതേയുള്ളൂ. പക്ഷെ, ആറ് വയസ്സുള്ള ഈ കുഞ്ഞിന് പോകാനിടമില്ല.” എന്നാണ് നൂറി പറഞ്ഞത്. അങ്ങനെ അവളേയും സോളമന് കൂടെക്കൂട്ടി.
ഈ രണ്ട് കുഞ്ഞുങ്ങളേയും ദത്തെടുത്ത കാര്യം കാട്ടുതീ പോലെ പടര്‍ന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നും ഒരു 70 വയസ്സുകാരന് സോളമനെ സമീപിച്ചു. അയാളുടെ കൂടെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. ആ രണ്ട് കുട്ടികളേയും കൊണ്ട് ആശുപത്രിയില്‍ പോകാനോ ഒന്നും അയാള്‍ക്ക് ആവതില്ലായിരുന്നു. അതുകൊണ്ട് ആ കുഞ്ഞുങ്ങളെ കൂടി ദത്തെടുക്കണമെന്ന് അയാള്‍ സോളമനോട് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അവരെക്കൂടി നോക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല എന്നായിരുന്നു സോളമന്റെ മറുപടി. പക്ഷെ, അയാള്‍ സോളമന്റെ കാലില്‍ വീണു. എനിക്ക് ഈ കുഞ്ഞുങ്ങളെ നോക്കാന്‍ വയ്യ, ഒന്നുകില്‍ നിങ്ങള്‍ നോക്കണം, അല്ലെങ്കില്‍ കൊന്നുകളഞ്ഞേക്കൂ എന്നാണ് ആ വൃദ്ധന് കരഞ്ഞുകൊണ്ട് പറഞ്ഞത്. അത് സോളമനെ തകര്‍ത്തു കളഞ്ഞു. അങ്ങനെ ആ കുഞ്ഞുങ്ങളെ കൂടി സോളമന് ഏറ്റെടുത്തു.
ഇപ്പോള്‍ 47 കുഞ്ഞുങ്ങള്‍ സോളമനെ അപ്പാ എന്ന് വിളിക്കുന്നു. വീട്ടുകാരും നാട്ടുകാരുമടക്കം പലരും എന്തിനാണിത് ചെയ്യുന്നത് എന്ന് സോളമനോട് ചോദിക്കാറുണ്ട്. ഡോക്ടര്‍ ഒരിക്കല്‍ സോളമനോട് ഗ്ലൗസ് ഇട്ട് വേണം അവരെ പരിചരിക്കാന്‍ എന്നാണ് പറഞ്ഞത്. പക്ഷെ, അവരെന്റെ മക്കളാണ്, സ്വന്തം മക്കളെ നോക്കാന്‍ ആരെങ്കിലും ഗ്ലൗസ് ഇടുമോ എന്നാണ് സോളമന്റെ ചോദ്യം. പലപ്പോഴും ഈ കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ആരേയും കിട്ടാത്ത അവസ്ഥയുമുണ്ടായിരുന്നു. പക്ഷെ, അതിനെയൊക്കെ സോളമന് തരണം ചെയ്തു. സ്വന്തം സമ്പാദ്യമെല്ലാം ഉപയോഗിച്ചു. നല്ലവരായ ആളുകള്‍ നല്കുന്ന ഡൊണേഷനും.
ഇതിനിടെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. മറ്റ് കുട്ടികളോട് അത് പറയാന്‍ ആദ്യമൊന്നും സോളമന് തയ്യാറായില്ല. പക്ഷെ, പതിയെ സോളമന് അത് അവരോട് പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സില്‍ നല്കി. ഇന്ന്, ഈ കുഞ്ഞുങ്ങളുടെയെല്ലാം അപ്പയാണ് സോളമന്… പിറന്നാള്‍ ദിവസം എല്ലാവരും ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുമ്പോള്‍ സോളമന്റെ കുഞ്ഞുങ്ങള്‍ ‘Happy Long Life To You’ എന്നാണ് പാടുന്നത്. അത് അവരുടെ ജീവിതമാണ്…പ്രതീക്ഷയാണ്…