വിഴിഞ്ഞം: പ്രണയ നൈരാശ്യം മൂത്ത് ആത്മഹത്യ ചെയ്യാൻ മരത്തിൽ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴേക്ക് പതിച്ചു. തിരുവനന്തപുരം കോവളത്താണ് സംഭവം. ജോലി തേടിയെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. താഴെവീണു യുവാവിന്റെ കൈയൊടിഞ്ഞു.
കോവളം പോലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പശ്ചിമബംഗാൾ സ്വദേശി സോളമണ്ഡ്( 22) ആണ് മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി അനുനയിപ്പിക്കുന്നതിനിടെ യുവാവ് ഇരുന്നിരുന്ന മരക്കൊമ്പ് ഒടിയുകയായിരുന്നു.
മതിലിൽ തട്ടി മരത്തിന് താഴെവിരിച്ച മെത്തയിലേക്ക് വീണ ഇയാളുടെ ഇടതുകൈ പൊട്ടി. യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരത്തിൽ കയറുന്നതിന് മുമ്പ് ഇയാൾ എലിവിഷവും കഴിച്ചിരുന്നതായാണ് വിവരം.