സ്വന്തം ലേഖകന്‍
പുതുക്കാട്: കടുത്ത വേനലില്‍ വൈദ്യുതിക്ഷാമവും പവര്‍കട്ടും നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ വീട്ടില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് നാട്ടില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ആമ്പല്ലൂര്‍ സ്വദേശി നന്ദകുമാര്‍. വാട്ടര്‍ അഥോറിറ്റിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ച ആമ്പല്ലൂര്‍ വെണ്ടോര്‍ സ്വദേശി പി.വി.നന്ദകുമാറാണ് വീട്ടിലെ സോളാര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു വില്ക്കാന് ഒരുങ്ങുന്നത്.
വീടിന്റ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള പത്ത് കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പവര്‍ പ്ലാന്റില്‍നിന്നാണ് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്കു നല്‍കുക. പ്ലാന്റിന്റെ ഉദ്ഘാടനം ഇന്നു രാവിലെ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മേല്‍ക്കൂരയില്‍ ആയിരം ചതുരശ്ര അടിയിലും സോളാര്‍ സംവിധാനം സ്ഥാപിച്ചു. ഉത്പാദിപിക്കുന്ന വൈദ്യുതിയും കെഎസ്ഇബിക്കു നല്കുന്ന വൈദ്യുതിയും അളക്കാനും സുരക്ഷിതമായി നിയന്ത്രിക്കാനുമുള്ള നെറ്റ് മീറ്റര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷനിലും പുതുക്കാട് മണ്ഡലത്തിലും ആദ്യമായാണ് ഈ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്ന സര്‍വീസ് ലൈന്‍ വഴിയാണ് നന്ദകുമാറിന്റെ വീട്ടില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി വിതരണം നടത്തുന്നത്. ഒമ്പതുലക്ഷം രൂപ ചെലവിലാണ് പദ്ധതി. മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയായും നാലു ലക്ഷം രൂപ സോളാര്‍ പാനല്‍ പദ്ധതിക്കു നല്കുന്ന പലിശ കുറഞ്ഞ വായ്പയായും ലഭിച്ചു. ലോണിന്റെ തിരിച്ചടവ് ഉള്‍പ്പെടെ മുടക്കുമുതല്‍ ഇപ്പോഴത്തെ വൈദ്യുതി നിരക്കനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ തിരിച്ചുലഭിക്കുമെന്നു നന്ദകുമാര്‍ അവകാശപ്പെടുന്നു. സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷവും അനുബന്ധ ഉപകരണങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഗാരന്റിയാണുള്ളത്.