പൂച്ചാക്കൽ: ജലഗതാഗത വകുപ്പിന്റെ അഭിമാനപാത്രവും ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടിന്റെ വാർഷിക ദിനത്തിൽ യാത്രക്കാർക്ക് സൗജന്യ യാത്രയും ജീവനക്കാരുടെ വക സംഗിത വിരുന്നുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വേന്പനാട്ട് കായൽ പരപ്പുകളിലൂടെ ആദിത്യ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്പോൾ ഡീസൽ ബോട്ടിനേക്കാൾ ഏറെ സുരക്ഷിതവും സാന്പത്തികമായി ലാഭകരവുമാണിതെന്ന് അധികൃതർ പറയുന്നു.
പരിസ്ഥിതി സൗഹാർദ്ദമായ ആദിത്യ ബോട്ടിന്റെ യാത്രയിൽ കാർബണ്‍ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ കായലുകളുടെ സംരക്ഷണത്തിന് കവചം ഒരുക്കാൻ കഴിഞ്ഞു. ഡീസൽ ബോട്ട് ഒരു വർഷം സർവീസ് നടത്തുന്നതിന് 940 ടണ്‍ കാർബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്പോൾ സോളാർ ബോട്ട് മാലിന്യം പുറന്തള്ളാതെ മാതൃകയാവുന്നു. ബോട്ടിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകളിലൂടെ ലഭിക്കുന്ന ഉൗർജം ഉപയോഗിച്ചാണ് ബോട്ട് ഓടുന്നത്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാർ ബോട്ടിന്റെ പ്രത്യേകതയാണ്.
2017 ജനുവരിയിൽ വേന്പനാട്ടു കായലിലെ വൈക്കം തവണക്കടവ് റൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് നീറ്റിലിറക്കിയത്. കുസാറ്റ് യൂണിവേഴ്സിറ്റി ഷിപ്പ് ടെക്നോളജി പഠനത്തിന്റെ അടിസ്ഥാനത്തിൽ ജർമ്മൻ സാങ്കേതിക വിദ്യയിലായിരുന്നു സോളാർ ബോട്ടിന്റെ നിർമാണം. ഒന്നരക്കോടി രൂപയായിരുന്നു നിർമാണച്ചിലവ്.
20 മീറ്റർ നീളവും ഏഴുമീറ്റർ ആഴവും ഉള്ള ബോട്ടിൽ 75 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 14 മീറ്റർ വേഗതയിൽ ബോട്ട് സഞ്ചരിക്കുന്നത്. ആദിത്യ നീറ്റിലിറങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്പോൾ ജലഗതാഗത വകുപ്പിന് 80 ലക്ഷം രൂപയുടെ ലാഭമാണ് നേടിക്കൊടുത്തത്.
സാധാരണ ഡീസൽ ബോട്ടുകൾക്ക് ഒരു ദിവസം സർവീസ് നടത്താൻ ഏകദേശം ഏഴായിരം രൂപയോളമാണ് ചെലവ്. എന്നാൽ സൗരോർജ ബോട്ട് സർവീസ് ആരംഭിച്ചതോടെ ഒരു ദിവസം 200 രൂപയുടെ ചെലവുമാത്രമാണ് ഉണ്ടാകുന്നത്. ഇവിടെ സർവീസ് നടത്തുന്ന സാധാരണ ബോട്ടിന് ഒരു വർഷം ഡീസൽ ഇനത്തിൽ മാത്രം 22 ലക്ഷം രൂപയോളം ചിലവ് വരുന്നു.
എന്നാൽ സോളാർ ബോട്ടിന് ഒരു വർഷം ആകെ ചിലവായത് 73,000 രൂപ മാത്രമാണ്. രണ്ട് വർഷത്തിൽ ഡീസൽ ഇനത്തിൽ മാത്രം 80 ലക്ഷം രൂപയുടെ ലാഭമാണ് ആദിത്യ സർക്കാരിന് നേടിക്കൊടുത്തത്. കൂടാതെ മറ്റ് ബോട്ടുകളിൽ അഞ്ച് ജീവനക്കാരാണ് നിലവിൽ ഉള്ളത്.
എന്നാൽ സോളാർ ബോട്ടിന് മൂന്നു ജീവനക്കാർ മാത്രം മതി. രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും സോളാർ ബോട്ടിന് തകരാറ് സംഭവിക്കുകയോ സർവീസ് മുടങ്ങുകയോ ചെയ്തിട്ടില്ലാ എന്നും ഡീസൽ ബോട്ടിനേക്കാൾ ഏറെ സുരക്ഷിതവും സാന്പത്തികമായി ലാഭം മാത്രമാണ് ആദിത്യ നേടിയിട്ടുള്ളതെന്നും ആലപ്പുഴ ജില്ലാ ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു. ഇന്ന് രാവിലെ 10ന് തവണക്കടവ്, വൈക്കം ബോട്ട് ജെട്ടികളിൽ യാത്രക്കാർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും രണ്ടാം വാർഷിക ആഘോഷം ചെറിയ രീതിയിൽ നടത്തി.