മുക്കം : സോളാര്‍ ബോട്ടുമായി ഓളപ്പരപ്പിന് മുകളില്‍ തുഴയെറിഞ്ഞ് പുതുഅധ്യായം രചിച്ച് കൂളിമാട് സ്വദേശി. മരവഞ്ചികളും ഇരുമ്പു വള്ളങ്ങളും തുഴയെറിഞ്ഞ ഇരുവഞ്ഞിപുഴയിലാണ് പ്രകൃതി സൗഹൃദ ബോട്ടുമായി കൂളിമാട് സ്വദേശിയായ കെ.ടി.എ. നാസര്‍ എത്തിയത്.
സോളാള്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ വള്ളം തയാറാക്കിയത്. പത്ത് പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന വിധത്തിലാണ് സോളാര്‍ ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ നിന്നും എത്തിച്ച ഹോളണ്ട് നിര്‍മിത ഫൈബര്‍ ബോട്ടിലാണ് സോളാര്‍ സംവിധാനമൊരുക്കിയത്. ഒരു സോളാര്‍ പാനലും, ബാറ്ററിയും ഇലട്രിക് മോട്ടോറും മാത്രമാണ് ബോട്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടതന്ന് നാസര്‍ പറയുന്നു.
പ്രത്യേകതകൾ ഏറെ
ശബ്ദമില്ലെന്നതാണ് ഈ ബോട്ടിന്റെ വലിയ പ്രത്യേകത. കൂടാതെ മറ്റു ബോട്ടുകളെ പോലെ ജല, വായു മലിനകരണവുമില്ല. ഈ ബോട്ടു കുതിച്ചു പായുമ്പോള്‍ ഓളം തള്ളലുമില്ല എന്നതിനാല്‍ കരയിടിയുന്ന പ്രദേശങ്ങളിലും ഭീഷണിയില്ല.
അഞ്ച് സ്പീഡില്‍ പ്രവര്ത്തിപ്പിക്കാവുമെന്നതും ഇത്തരം ബോട്ടുകളുടെ പ്രത്യേകതയാണ്. മാത്രവുമല്ല റിവേഴ്സ് ഗിയറും ബോട്ടിന്റെ പ്രത്യേക തന്നെ.
പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ സോളാര്‍ ബോട്ട് വിജയമായതോടെ ആവശ്യക്കാര്‍ക്ക് ഇത്തരം ബോട്ടുകള്‍ സജീകരിച്ച് നല്‍കാനുള്ള ഒരുക്കത്തിലാണ് കെ.ടി.എ.നാസര്‍.
വലുപ്പത്തിനനുസരിച്ചാണ് സോളാര്‍ ബോട്ടിന് വില നിശ്ചയിച്ചിരിക്കുന്നത്. പതിനയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ വില വരുന്ന സോളാര്‍ ബോട്ടുകളാണ് ആവശ്യക്കാര്‍ക്ക് ഒരുക്കി നല്‍കുകയെന്ന് നാസര്‍ പറയുന്നു.
ഇനി എന്നുമുണ്ടാകും ഇരുവഞ്ഞിയുടെ ഓളപരപ്പുകളെ മുറിവേല്‍പ്പിക്കാതെ കുതിച്ചു പായാന്‍ കെ.ടി.എ നാസര്‍ തയാറാക്കുന്ന പ്രകൃതി സൗഹൃദ സോളാര്‍ ബോട്ടുകള്‍.