കൊച്ചി: വര്‍ധിച്ചുവരുന്ന ഇന്ധനക്ഷാമം പരിഹരിക്കാന്‍, ത്രീ മോഡ് സ്റ്റിയറിംഗ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ കാര്‍ എന്ന ആശയവുമായി കളമശേരി ആല്‍ബര്‍ട്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ഐസാറ്റിലെ) വിദ്യാര്‍ഥികള്‍.
അവസാന വര്‍ഷ മെക്കാനിക്കല്‍ എൻജിനിയറിംഗ് വിദ്യാര്‍ഥികളായ അലന്, ജിതിന്, മിബിന്, ഫെബിന്, ജിസ്വിന്‍ എന്നിവരാണ് മെക്കാനിക്കല്‍ എൻജിനീയറിംഗ് വിഭാഗം അധ്യാപകനായ മെജോ ഡേവിസിന്റെയും ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് വിഭാഗം അധ്യാപികയായ പ്രിയ എസ്.പൈയുടെയും നേതൃത്വത്തില്‍ ’ത്രീ മോഡ് സ്റ്റിയറിംഗ് കാര്‍ നിര്‍മിച്ചിരിക്കുന്നത്.
കാറിന്റെ പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് കാര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചും ജൈവ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞും വരുന്ന സാഹചര്യത്തില്‍ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം പ്രകൃതി സൗഹൃദമാണ്. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുമ്പോഴും സാധാരണക്കാരായ ആളുകള്‍ക്ക് പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വാഹനം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു.
തിരക്കേറിയ നഗരങ്ങളില്‍ വാഹനങ്ങള്‍ തിരിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും ദുഷ്കരമായ സാഹചര്യത്തില്‍, അത് അനായാസം സാധ്യമാക്കുന്നു എന്നതാണ് ’ത്രീ മോഡ് സ്റ്റിയറിംഗ്’ എന്ന സാങ്കേതിക വിദ്യയുടെ സവിശേഷത.
സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ റേഡിയസില്‍ ഈ വാഹനം തിരിക്കാൻ സാധിക്കും.
മുന്‍ ചക്രങ്ങളിലേതുപോലെ തന്നെ പിന്ചക്രങ്ങളിലും സ്റ്റിയറിംഗ് സാധ്യമാക്കിയതിനാല്‍ പാര്‍ക്കിംഗ് അനായാസമാവുന്നു.