അമൃതപുരി: സോളാര്പവറിലെ മുച്ചക്ര കാറിന്റെ പവറില്‍ അമൃതയിലെ ചുണക്കുട്ടികൾ. വാഹനങ്ങളില്ലാത്ത മനുഷ്യജീവിതം എന്നത് ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ അനുദിനംപെരുകുന്ന വാഹനങ്ങള്‍ വര്‍ധിക്കുന്ന അന്തരീക്ഷമലിനീകരണം കുതിച്ചുയരുന്ന ഇന്ധനവില. ഇതൊക്കെ ഭൂമിക്ക് വരുത്തിവെയ്ക്കുന്നദോഷമാകട്ടെ വളരെ വലുതുമാണ്. പെട്രോളും ഡീസലുമില്ലാതെ തന്നെ ഇത്തരം വാഹനങ്ങളോട് കിടപിടിക്കുന്ന വാഹനമെന്ന ചിന്തയാണ് അമൃതവിശ്വവിദ്യാപീഠത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികളെ ഇന്ന് അന്താരാഷ്ട്രതലത്തിലെത്തിച്ചിരിക്കുന്നത്.
സൗരോര്ത്തിന്റെ ശക്തിയെ പഠനവിഷയത്തോട് ചേര്‍ത്തിണക്കി നല്ലൊന്നാന്തരം വാഹനമാക്കിമാറ്റിയിരിക്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിലെ കൊല്ലം അമൃതപുരി ക്യാമ്പസിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍, അങ്ങനെ സോളാറില്‍ മാത്രമല്ല, വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനംതന്നെ ഇവര്‍ അണിയിച്ചൊരുക്കി.
കൊല്ലം അമൃതപുരിയില്‍ നടക്കുന്ന ത്രിദിന ദേശീയസെമിനാര്‍ വിദ്യുത് 19ലെ പ്രധാന താരവും ഈ കാറുതന്നെ. സൗരോര്‍ജത്തിലും വൈദ്യുതിയിലും ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനം, ഭാരം കുറഞ്ഞവാഹനം ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ത്രീവിലര്‍ കാറാണ് ഇവര്‍ തയാറാക്കിയിട്ടുള്ളത്.
ഇലക്ട്രിക്കല്‍ വിഭാഗം അസി.പ്രഫ. ഭരത് കെ.ആറിന്റെ നിര്‍ദേശമനുസരിച്ചാണ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ 14 പെണ്‍കുട്ടികളടക്കം 39പേരടങ്ങുന്ന വിദ്യാര്‍ഥിസംഘം കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇത്തരമൊരാശയത്തിനായി തലപുകച്ച് തുടങ്ങിയത്. രാപ്പകലുകളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇവര്‍ ഇതിന് പിന്നാലെകൂടിയതോടെ കളികാര്യമായി.
വാഹനങ്ങളുടെ മെക്കാനിസത്തില്‍ ഏറെ തല്‍പ്പരനായ അമൃതവിശ്വവിദ്യാപീഠത്തിലെ നാലാംവര്‍ഷ വിദ്യാര്‍ഥികൂടിയായ ഹരികൃഷ്ണന് നേതൃത്വമേറ്റതോടെ സംഗതി സക്സസ്. ദേശീയ തലത്തില്‍ രണ്ട് മത്സരങ്ങള്‍ക്കയാണ് ആദ്യം ഇവര്‍ സോളാര്‍ കാര്‍ തയാറാക്കിയത്. കോയമ്പത്തൂരും ബാംഗ്ലൂരും നടന്ന മത്സരങ്ങളില്‍ മാറ്റുരച്ച് ഒന്നാമതെത്തിയ മുച്ചക്ര സോളാര്‍ കാറും കാറിന്റെ നിര്‍മ്മാതാക്കളും കോളജിനകത്തും പുറത്തും താരമായി മാറി.
200 മീറ്റര്‍ എന്ന പരിധിയില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇരുമത്സരങ്ങളിലും ഒന്നാമതെത്തിയത്. സോളാര്‍ പവറില്‍ ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന വാഹനമെന്ന റെക്കോര്‍ഡും ഈ മിടുക്കന്മാര് സ്വന്തമാക്കി. ബംഗലുരുവിലെ തിരക്കേറിയ റോഡിലൂടെ ഓടിച്ചാണ് സോളാര്‍ വാഹനത്തിന്റെ മികവ് ഇവര്‍ തെളിയിച്ചത്. മത്സരത്തിലെ ഏറ്റവും നല്ല മോഡലിനുള്ള പുരസ്കാരവും ഇവര്‍ സ്വന്തമാക്കി.
കാറിന്റെ നിര്‍മാണത്തിനായി ചെലവാക്കിയത് ഇവര്‍ 39 പേരും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. നിര്‍മാണപ്രവൃത്തികളെല്ലാം കോളജ് വര്‍ക് ഷോപ്പില്‍ തന്നെ. 14 ദിവസം കൊണ്ട് നിര്മ്മിച്ചെടുത്തുവെങ്കിലും നാല് മാസത്തോളമെടുത്തായിരുന്നു കാര്‍ രൂപകല്‍പ്പന ചെയ്തത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കാര്‍ സുഖമായി ഓടും. നിരത്തിലിറങ്ങിയാല്‍ സൗരോര്‍ജം സമാഹരിച്ച് പിന്നെയും കിലോമീറ്ററുകള്‍ കുതിച്ചുപായും.
ഒരാള്‍ക്ക് മാത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിലവില്‍ കാറിന്റെ രൂപകല്‍പ്പനയെങ്കിലും കൂടുതല്‍പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മോഡേണ്‍ ഇലക്ട്രിക് ബസ് ഒരുക്കുകയാണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം. അമേരിക്കയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ തലത്തില്‍ മാറ്റുരയ്ക്കനായി ഫുള്‍ ഇലക്ട്രിക് ഫോര്‍മുല കാറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഈ ചുണക്കുട്ടികള്‍.