തിരുവനന്തപുരം: സോളാർ കേസിലെ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇന്ന് അന്വേഷണ ഉത്തരവിറങ്ങും. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാലുടൻ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ആലോചന.
അന്വേഷണം അട്ടിമറിക്കൽ, ലൈംഗിക പീഡനം എന്നീ ആരോപണങ്ങളിൽ വിജിലൻസ്, ക്രിമിനൽ കേസെടുക്കും. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. 2013ൽ സരിതാ നായർ പുറത്തുവിട്ട കത്തിനെ അടിസ്ഥാനമാക്കിയാണ് മാനഭംഗക്കേസെടുക്കുക. അന്ന് സരിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രമാണ് മാനഭംഗത്തിന് കേസെടുത്തത്. പുതിയ അന്വേഷണസംഘത്തെ രൂപീകരിക്കുന്പോൾ ഈ കേസും കൈമാറും.
ആരോപണ വിധേയരായവർ സരിതയ്ക്ക് വഴിവിട്ട സഹായം ചെയ്തുകൊടുക്കുകയും അതീവഴി സർക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. സരിത ലൈംഗികാരോപണം ഉന്നയിച്ചവർക്കെതിരെയെല്ലാം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. ഇതുവരെ കുറ്റപത്രം നൽകിയിട്ടുള്ള 33 കേസുകളിൽ തുടരന്വേഷണം നടക്കും