തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ട പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണത്തിനു പരാതിക്കാരനാകാൻ ഇല്ലെന്നു ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം. പരാതിയിൽ കഴന്പുണ്ടോയെന്നു തനിക്കു ബോധ്യമില്ലാത്തതിനാൽ പരാതിക്കാരനാകാൻ ഇല്ലെന്നു ചീഫ് സെക്രട്ടറി അറിയിച്ചതോടെയാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതു വൈകുന്നത്.
ഇനി ആരുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും എന്നതടക്കമുള്ള കാര്യങ്ങൾ അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനിക്കുക.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടരന്വേഷണം നടത്തുന്പോൾ സാധാരണയായി സർക്കാരാണു പരാതിക്കാരനാകുക. സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയാണു പരാതിക്കാരന്റെ സ്ഥാനത്തെത്തുക. എന്നാൽ, സോളാർ ആരോപണത്തിൽ പ്രത്യേകിച്ചു ലൈംഗിക ആരോപണം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പില്ലാത്ത സാഹചര്യത്തിൽ പരാതി തന്റെ പേരിൽ വേണ്ടെന്ന നിലപാടാണു ചീഫ് സെക്രട്ടറി സ്വീകരിച്ചത്. പകരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറുന്നത് അടക്കമുള്ള നിർദേശങ്ങളും ഉയർന്നു. എന്നാൽ, ലൈംഗിക പീഡനം അടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതിനുള്ള നിയമോപദേശമാണു സർക്കാർ തേടുന്നത്.
സോളാർ കമ്മീഷനിൽ മൊഴി നൽകിയ സരിത എസ്. നായർ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്യുന്ന കേസിൽ ഒന്നാം സാക്ഷിയാകാനാണു സാധ്യത.
എന്നാൽ, ഇത് അടക്കമുള്ള കാര്യങ്ങൾ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സ്വീകരിക്കുക. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാലും കേസ് അന്വേഷണം സംബന്ധിച്ചുള്ള നിയമക്കുരുക്കുകൾ തുടരും. കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം തുടങ്ങണോ അതോ അന്വേഷണത്തിൽ കഴന്പുണ്ടോയെന്നു കണ്ടെത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്താൽ മതിയോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
കോടതിയിൽ കേസ് എത്തിയാൽ തള്ളാൻ സാധ്യതയുണ്ടെന്നും നിയമ വിദഗ്ധർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എതിർകക്ഷികൾ ഉന്നത കോണ്ഗ്രസ് നേതാക്കളായതിനാൽ രാജ്യത്തെ മികച്ച അഭിഭാഷകരാകും കേസ് നടത്തുക. ഇതെല്ലാം മുന്നിൽ കണ്ടുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ പോലും അതീവ ശ്രദ്ധ പുലർത്താൻ സർക്കാർ ശ്രമിക്കുന്നത്.