സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തതിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്.
പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതികളാക്കിയതിനു പിന്നിൽ ഗണേഷ് കുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു.
ലൈംഗിക പീഡന പരാതിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പേരുകൾ കൂട്ടിച്ചേർത്തതിനു പിന്നിലും ഗണേഷായിരുന്നെന്നാണ് ആരോപണം.
ഇതിന്റെ പശ്ചാത്തലത്തിൽ ഗണേഷിന്റെ പിഎയും ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലയ്ക്ക് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.
സോളാർ പീഡന കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം നേരത്തെ ഹൈബി ഈഡൻ എംപിയെ ചോദ്യം ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.