കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസിൽ വിധി പറയുന്നത് മാർച്ച് 23ലേക്ക് മാറ്റി. കേസിൽ രണ്ടും മൂന്നും പ്രതികളായ സരിത എസ്.നായർ, ബി.മണിമോൻ എന്നിവർ ഹാജരാവാത്തതിനെത്തുടർന്നാണ് മൂന്നാം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കെ.കെ.നിമ്മിയുടെ നടപടി.
ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ എത്തി. കഴിഞ്ഞതവണയും വിധിയുടെ ദിവസം ഹാജരാവാത്ത പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കോടതി നീട്ടി.
മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി നേരത്തേ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതിനിടെ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി വാറണ്ട് റദ്ദാക്കാൻ അപേക്ഷ നൽകി ജാമ്യമെടുത്തിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെഫ്രി ജോർജ് ജോസഫ് ഹാജരാവുന്ന കേസിൽ ബിജു രാധാകൃഷ്ണനുവേണ്ടി അഡ്വ. ഇ. പ്രദീപ്കുമാറും സരിതയ്ക്കുവേണ്ടി അഡ്വ. എസ് പ്രേംലാലും ഹാജരായി. ഹൈക്കോടതി ഉത്തരവുള്ളതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ സാവകാശം നൽകണമെന്ന് സരിതയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീൽസ് യാർഡ് ഉടമ അബ്ദുൽ മജീദിനെ 42.70 ലക്ഷം രൂപ വഞ്ചിച്ചുവെന്നാണ് കേസ്. സോളാർ പാനലുകൾ, വിളക്കുകൾ, വാട്ടർ ഹീറ്റർ എന്നിവയുടെ വിതരണത്തിന് ടീം സോളാർ കമ്പനിയുടെ മലബാർ മേഖലാ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സരിതയും ബിജുവും അബ്ദുൽ മജീദിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി.