തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം നേടിക്കൊടുക്കാമെന്നു പറഞ്ഞു 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ്. നായർ സാക്ഷിയായി മൊഴി നൽകി.
കേസിലെ 32 -ാം സാക്ഷിയായിട്ടാണു സരിത മൊഴി നൽകിയത്. സ്വിസ് സോളാർ കന്പനിയുടെ ഫണ്ടുകൾ രണ്ടാം പ്രതി ശാലുവിനു വേണ്ടി ബിജു വഴി വിട്ടു എടുത്തതായി സരിത മൊഴി നൽകി.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – മൂന്നിൽ ആണു വിചാരണ നടക്കുന്നത്.തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ നേരത്തെ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
മൂന്നു പ്രതികളുള്ള കേസിൽ ഇപ്പോൾ വിചാരണ നേരിടുന്നതു കേസിലെ രണ്ടും മുന്നും പ്രതികളായ ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവരാണ്. രണ്ടു പ്രതികളും ഇല്ലാതെയാണ് ഇന്നലെ വിചാരണ നടന്നത്.
2013 കാലഘട്ടത്തിൽ സോളാർ പാനലുകൾ നൽകാമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി ഡോ. മാത്യു തോമസിന്റെ പക്കൽനിന്ന് ആദ്യം 1,60,000 രൂപയും പിന്നീട് തമിഴ്നാട്ടിൽ വിൻഡ് മിൽ സ്ഥാപിച്ചു നൽകാം എന്നു പറഞ്ഞു 1,00,000 പല പ്രാവശ്യമായി വാങ്ങി 29,60,000 രൂപ തട്ടിയെടുത്തു എന്നാണു പോലീസ് കേസ്.
ബിജു രാധാകൃഷ്ണൻ ശാലുവിനു വേണ്ടി ഫ്ളാറ്റ് ഉൾപ്പെടെ വാങ്ങുവാൻ സ്വിസ് സോളാർ കന്പനിയിൽനിന്നും പലതവണകളായി പണം തട്ടിയെടുത്തിരുന്നു.
ഇതിനായി ബിജു പുതിയ കന്പനി തന്പാനൂരിൽ ആരംഭിച്ചു എന്നും സരിത മൊഴി നൽകി. 2013 നവംബർ 30 ന് തന്പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മൊത്തം 116 സാക്ഷികളാണ് ഉള്ളത്. കേസിന്റെ തുടർവിചാരണ ഈ മാസം 29 ന് നടക്കും.